നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
മനുഷ്യ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന മരുന്ന് പന്നികളില്‍നിന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പന്നിയുടെ പിത്താശയ സ്തരത്തില്‍ നിന്ന് കോശരഹിത ഘടകങ്ങള്‍ വേര്‍തിരിച്ചാണ് കൊഴമ്പ് രൂപത്തിലുള്ള ഈ ഔഷധം നിര്‍മിച്ചത്. ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങളില്‍ ഒന്നെന് കരുതപെടുന്ന മരുന്നിന്റെ കണ്ടെത്തലിലൂടെ ഹൃദയത്തിലുണ്ടാകുന്ന മുറിവുകള്‍ വളരെ പെട്ടന്ന് ഭേതമാക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്. എക്‌സ്‌പെരിമെന്റല്‍ പാത്തോളജി വിഭാഗം മേധാവി ഡോക്ടര്‍ ടി വി അനില്‍കുമാറിന്റെ പതിനഞ്ചു വര്‍ഷം നീണ്ട ഗവേഷണ ഭലമായാണ് മരുന്ന് വികസിപ്പിക്കാനായത്. പി എച് ഡി സ്‌കോളര്‍ കെ വി പ്രതീഷ്, റിസര്‍ച് ഫെലോ ഡോക്ടര്‍ കെ എസ് പ്രവീണ്‍ എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി. മരുന്ന് മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ചില ഗവേഷണങ്ങള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ അനില്‍കുമാര്‍ അറിയിച്ചു.
നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന
മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ഒന്‍പതു മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയ. താരത്തിന്റെ സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിന്‍ തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ കായ്പമംഗലം പനമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്. വടകരയില്‍ നിന്ന് സ്വകാര്യ ചാനലിന്റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഭിമാനകരമായ നേട്ടങ്ങള്‍ക്കിടയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. കുടിശ്ശിക കിട്ടിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് കാണിച്ച് സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന് കത്തയച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നല്‍കിയ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് കോടികളാണ്. തുക കുടിശ്ശികയായതോടെ ചികിത്സ തുടരാനാകില്ലെന്ന നിലപാടിലാണ് പല സ്വകാര്യ ആശുപത്രികളും.
ഇതോടെ രോഗികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. കാരുണ്യ പദ്ധതി വഴി സംസ്ഥാനത്തെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ക്ക് 800 കോടി കുടിശ്ശികയുണ്ടെന്നാണ് കണക്ക്. കേന്ദ്രവിഹിതം കിട്ടാത്തതും സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി പീഡനത്തിന് ഇരയായ സംഭവത്തില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത നടപടി പ്രതിഷേധങ്ങളെത്തുടര്‍ന്ന് റദ്ദാക്കി ആരോഗ്യവകുപ്പ്. നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഇക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയല്ല, പുറത്താക്കുകയാണ് വേണ്ടതെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിച്ചതെന്നും മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 70% ആളുകളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാക്കണമെന്നതാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍-നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാലവര്‍ഷം കേരളത്തില്‍ എത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതായും, ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് സൂപ്പര്‍ സൈക്ലോണ്‍ ആയി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന് (കെ സോട്ടോ) പുതിയ വെബ്‌സൈറ്റ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്കാവശ്യമായ അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ഈ വെബ്സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താത്പര്യങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് കെ സോട്ടോ ആരംഭിച്ചത്. www.ksotto.kerala.gov.in എന്നതാണ് വെബ്സൈറ്റിന്റെ വിലാസം. അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രധാന പ്രോട്ടോകോളുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകള്‍ എന്നിവ ഉള്‍പ്പടെ കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങള്‍, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ എന്നിവയും വൈബ് സൈറ്റില്‍ ലഭിക്കുന്നതാണ്.
ആരോഗ്യമേഖലയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ അവഗണന. രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തിന് ഒന്നുപോലും നല്‍കിയില്ല. 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളജുകളും അനുവദിച്ചു. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, രാജസ്ഥാന്‍, ബംഗാള്‍ , യുപി എന്നിവയാണ് കേന്ദ്രം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച മറ്റു സംസ്ഥാനങ്ങള്‍. അതേസമയം, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യവും കേന്ദ്രം തള്ളി.
രാജ്യമെമ്പാടും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണരീതികള്‍, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴില്‍, ടൂറിസം, സമ്പദ് വ്യവസ്ഥ എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
കക്കൂസ് മാലിന്യം ഉള്‍പ്പെടെ മറ്റ് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് ഓഫീസര്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കുകീഴിലും എന്‍ഫോഴ്സ്മെന്റ് സംവിധാനത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ ജോയന്റ് ഡയറക്ടര്‍മാര്‍ ആവശ്യപ്പെടുന്നപ്രകാരം പോലീസ് ഓഫീസര്‍മാരെ അനുവദിക്കാന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഉത്തരവിനുവിരുദ്ധമായ ഉത്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നതും അനധികൃതമായി മാലിന്യം തള്ളാന്‍ കൊണ്ടുപോകുന്നതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കണം. പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത് ബോധവത്കരണം നടത്തണം. അറവുശാലകള്‍, ഭക്ഷണശാലകള്‍ മുതലായവ തദ്ദേശ സ്വയംഭരണ അധികൃതരുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ മിന്നല്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികളെടുക്കണമെന്നും പോലീസിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post