നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നടപ്പാക്കുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം. അതിക്രമത്തിന് ആറ് മാസം മുതൽ ഏഴു വര്ഷം വരെയാണ് ശിക്ഷാകാലാവധി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനിമുതൽ നിയമത്തിന്റെ സംരക്ഷണമുണ്ടാകും. കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടർ വന്ദന കുത്തേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആശുപത്രി സംരക്ഷണ ഓർഡിനൻസിന് സർക്കാർ അംഗീകാരം നൽകിയത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. അതേസമയം, കാലവർഷം ജൂൺ നാലിന് എത്താനാണ് സാദ്ധ്യത.
അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. 35 പേർ ചികിത്സയിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2461 പേർ അറസ്റ്റിലാവുകയും ചെയ്തു. 21,611 ലീറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി. അതേസമയം, വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കും. മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനക്കായാണ് ഹാജരാക്കുക. ഇതിനു ശേഷമാകും തുടർന്നുള്ള ചോദ്യം ചെയ്യൽ. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതിനാൽ ആരോഗ്യസ്ഥിതി തൃപ്തികരമായാല്‍ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോഗ കുത്തിവെപ്പിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. നാലുമാസം മുതൽ എട്ടു മാസം പ്രായമായ പശുകുട്ടികളിലും എരുമക്കുട്ടികളിലുമാണ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകുന്നത്. വാക്സിനേഷൻ ക്യാമ്പുകൾ വഴി മെയ് 19 വരെയാണ് കുത്തിവെപ്പ് നൽകുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോയിസ്. രോഗബാധിതരായ മനുഷ്യരിൽ വന്ധ്യത, പനി, ശരീരവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. മൃഗസംരക്ഷണ മേഖലയിലുള്ളവർ, അറവുശാലയിലെ ജീവനക്കാർ എന്നിവർക്ക് രോഗം പകരാനും സാധ്യതയുണ്ട്. പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുമായി എല്ലാ കർഷകരും സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് പഠനം. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലോകത്ത് 10 വയസ്സോ അതിനു മുകളിലോ ഉള്ള നാലിൽ മൂന്നുപേരും സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവരാണ്. കുറഞ്ഞ സോഡിയം ഫ്രീക്വൻസി ഊർജം മൊബൈൽ ഫോണുകൾ പുറത്തു വിടുന്നുണ്ട്. ഇതുമൂലം മൊബൈൽ ഫോണുമായുള്ള സമ്പർക്കം രക്തസമ്മർദം ഉയരാൻ കാരണമാകുന്നതായി പഠനത്തിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. ഹൈപ്പർ ടെൻഷൻ ഇല്ലാത്ത, 37 മുതൽ 73 വയസു വരെ പ്രായമുള്ള 2,12,046 പേരുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. ഹൃദയാരോഗ്യം സംരക്ഷിക്കാൻ മൊബൈൽ ഫോൺകോളുകൾ വളരെ കുറയ്ക്കണമെന്ന് യൂറോപ്യൻ ഹാർട്ട് ജേണലായ ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനം. നന്നായി ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. 94 ടൈപ്പ് 2 പ്രമേഹ രോഗികളിലായിരുന്നു പഠനം നടത്തിയത്. നന്നായി ചവയ്ക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഹൈപോതലാമസിനെ ഉദ്ദീപിപ്പിച്ച് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു. കുറച്ച് ഭക്ഷണം കഴിക്കുന്നത് അമിതഭാരവും പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു.
പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് നിർമിത ബുദ്ധി. രോഗികളുടെ ആരോഗ്യ രേഖകള്‍ വിലയിരുത്തി പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനുള്ള സാധ്യത വിജയകരമായി പ്രവചിച്ചിരിക്കുകയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സ്ക്രീനിങ് ടൂള്‍. രോഗനിര്‍ണയത്തിന് മൂന്ന് വര്‍ഷം മുന്‍പ് പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിക്ക് സാധിച്ചു. ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍, ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. നിലവില്‍ വലിയൊരു ജനസംഖ്യയെ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനായി സ്ക്രീന്‍ ചെയ്യാനുള്ള മാര്‍ഗങ്ങളൊന്നും ലഭ്യമല്ല. ഇവിടെയാണ് നിര്‍മിത ബുദ്ധി വഴിത്തിരിവാകുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു. ഡെന്‍മാര്‍ക്കിലെയും അമേരിക്കയിലെയും 90 ലക്ഷം രോഗികളുടെ ആരോഗ്യ ഡേറ്റ ഉപയോഗിച്ചാണ് എഐ അല്‍ഗോരിതത്തെ പരിശീലിപ്പിച്ചത്. കുടുംബത്തില്‍ പാന്‍ക്രിയാറ്റിക് രോഗബാധയുള്ളവരുടെ മാത്രമല്ല ഏതൊരാളുടെയും ആരോഗ്യ രേഖകള്‍ എഐ ടൂളിലൂടെ അപഗ്രഥിച്ച് രോഗസാധ്യത പ്രവചിക്കാന്‍ സാധിക്കും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനും ഈ ടൂള്‍ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post