ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ മജിസ്ട്രേറ്റിന് മുമ്പില്‍വച്ച് പോക്സോ കേസ് പ്രതി കൈ മുറിച്ച സംഭവത്തില്‍ പോലീസിന് കാരണം കാണിക്കല്‍ നോട്ടീസ്. ദേഹപരിശോധന നടത്താതെ പോക്സോ കേസിലെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതാണ് പൊലീസിന് വിനയായത്. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – രണ്ടാണ് വലിയതുറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നില്‍ വച്ച് പോക്സോ കേസിലെ പ്രതി കൈമുറിച്ചത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് 15 കാരനെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതി ശരീരത്തില്‍ ഒളിപ്പിച്ച ചെറിയ കത്തി ഉപയോഗിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ അടിവസ്ത്രമുരിഞ്ഞുള്ള പരിശോധനകള്‍ നടത്താറില്ലാത്തതാണ് പോലീസിന് വിനയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15കാരനെ ഒബസര്‍വേഷന്‍ ഹോമില്‍ നിന്നും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനയെ അടിയന്തിര ചികിത്സക്കായി 70 കി.മീ ദൂരെയുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥയെന്ന് കെ പി സി സി പ്രസിഡന്റ് സുധാകരന് കുറ്റപ്പെടുത്തി. ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും. യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സംസ്ഥാനത്തെ 150 കാഷ്വാലിറ്റികളില്‍ രാപകല്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് വെച്ചുള്ള കളിയാണ് നടക്കുന്നതെന്നും, ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും മാപ്പിരന്ന് അന്തസായി രാജിവയ്ക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എഴുപത്തിയൊന്നുകാരനായ ഒമാന്‍ സ്വദേശിയുടെ ശ്വാസ നാളത്തില്‍ നാല് വര്‍ഷമായി കുടുങ്ങികൊണ്ടിരിക്കുന്ന എല്ലിന് കഷ്ണം പുറത്തെടുത്ത് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ബ്രോങ്കോ സ്കോപ്പി ചികിത്സയിലൂടെയാണ് എല്ലിന് കഷ്ണം പുറത്തെടുത്തത്. ഒമാനിലെ മുസാന സ്വദേശിയായ സലിം നാസറിനാണ് ബ്രോങ്കോ സ്കോപ്പി ചകിത്സ ആശ്വാസമായത്. നാല് വര്‍ഷമായി നാസറിനെ വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്നങ്ങളും അലട്ടിയിരുന്നു. കഴുത്ത് അനക്കുമ്പോഴുള്ള വേദനയും ശ്വാസമെടുക്കുമ്പോഴുള്ള തടസവും കാരണം ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മേയ് നാലിനാണ് പരിശോധനക്കായി രാജഗിരിയിലെത്തിയത്. ശ്വാസകോശത്തിലെ പ്രധാന നാളികളിലൊന്നില് എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സി.ടി സ്കാനില്‍ വ്യക്തമായി. തുടര്‍ന്ന് ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിന് കഷ്ണം നീക്കം ചെയ്യുകയായിരുന്നു.
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനതല നഴ്സസ് ദിനാചരണം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡോ. വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ല. സ്വപ്നം കണ്ടുതുടങ്ങിയ പ്രായത്തിലാണ് വന്ദനയുടെ ജീവന് കവര്‍ന്ന കൊലപാതകം. പാവപ്പെട്ട രോഗികളെ പണം കൊടുത്ത് വന്ദന സഹായിക്കുമായിരുന്നു.ഡോ. വന്ദനയും നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയും കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ സരിതയും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നഴ്സുമാരുടെ പ്രാധാന്യം കൂടുകയാണ്. ‘നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി’ എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ മരണപ്പെട്ട സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജനായ ഡോ.ജാനകി ഓംകുമാറിന്റെ പ്രതികരണം വൈറലാകുന്നു. പലപ്പോഴും നൈറ്റ് ഡ്യൂട്ടികളില്‍ ഹൗസ് സര്ജന്മാര് ഒറ്റയ്ക്കാണ് ഉണ്ടാകാറുള്ളതെന്നും, തിരക്കൊഴിയുന്ന സമയത്ത് പോലും ഇരിക്കുന്ന മേശയില്‍ തലവച്ചുറങ്ങാന്‍ ഭയമാണെന്നും ജാനകി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഒന്ന് അലറിവിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആരുമുണ്ടാകില്ല. വരുന്ന രോഗികളുടെ ക്ഷേമം അത്ര പ്രധാനമായതുകൊണ്ടാണ് അരക്ഷിതാവസ്ഥകളിലും ഞങ്ങള്‍ ജോലി ചെയ്യുന്നത്. സ്വന്തം ജോലി പേടിച്ച് ചെയ്യുന്ന അവസ്ഥയാണ്. സ്കൂളിലും ഓഫീസിലുമൊക്കെ ആരെങ്കിലും ആക്രമിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ എന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും ജാനകി കൂട്ടിച്ചേര്‍ത്തു. ഒരു ഡോക്ടര്‍ ഒരു രോഗിയോട് പറയുന്നതല്ല മറിച്ച് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് പറയുന്നവയാണ് ഇതെന്നും മനസിലാക്കി കൂടെ നില്‍ക്കണം എന്നും ജാനകി ഓര്‍മിപ്പിച്ചു.
ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ മജിസ്ട്രേറ്റിന് മുമ്പില്‍വച്ച് പോക്സോ കേസ് പ്രതി കൈ മുറിച്ച സംഭവത്തില്‍ പോലീസിന് കാരണം കാണിക്കല്‍ നോട്ടീസ്. ദേഹപരിശോധന നടത്താതെ പോക്സോ കേസിലെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതാണ് പൊലീസിന് വിനയായത്. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – രണ്ടാണ് വലിയതുറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നില്‍ വച്ച് പോക്സോ കേസിലെ പ്രതി കൈമുറിച്ചത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് 15 കാരനെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതി ശരീരത്തില്‍ ഒളിപ്പിച്ച ചെറിയ കത്തി ഉപയോഗിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ അടിവസ്ത്രമുരിഞ്ഞുള്ള പരിശോധനകള്‍ നടത്താറില്ലാത്തതാണ് പോലീസിന് വിനയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15കാരനെ ഒബസര്‍വേഷന്‍ ഹോമില്‍ നിന്നും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്ന പരിഹാരത്തിനായി കമ്മിറ്റി രൂപികരിക്കുമെന്ന് സര്‍ക്കാര്‍. പി ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍ന്മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ് ഒ പി പുറത്തിറക്കും.ഹൗസ് സര്ജന്മാരുടെ പ്രശ്നങ്ങള്‍ കമ്മിറ്റി പരിശോധിച്ച് റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി. പിജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്ജന്മാര് എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
എം.ഡി.എം.എയുടെ തിരുവനന്തപുരത്തെ മൊത്തവിതരണക്കാരിലൊരാള് ബാംഗളൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബുദ്ല്‍ സമദിനെയാണ് കരമന പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് കിള്ളിപ്പാലത്തെ ടൂറിസ്റ്റ് ഹോമില്‍ നിന്നും കരമന പൊലീസ് എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. പിടിയിലായവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നത് അബ്ദുല്‍ സമദായിരുന്നു. മുമ്പ് തിരുവനന്തപുരത്ത് മൊബൈല്‍ കട നടത്തിയിരുന്ന സമദ് മൊബൈല്‍ അനുബന്ധ ഉപകരണങ്ങളുടെ മറവിലാണ് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്.
കൊട്ടാരക്കരയില്‍ കുത്തേറ്റ് മരിച്ച യുവ ഡോക്ടര്‍ വന്ദനയുടെ വീട് സന്ദര്‍ശിച്ച് മുന്‍ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ ക ശൈലജ ടീച്ചര്‍. മകളുടെ മരണത്തില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് വന്ദനയുടെ അച്ഛന് കെ.കെ മോഹന്‍ദാസ് ശൈലജ ടീച്ചറോട് പ്രതികരിച്ചു. ചിലര്‍ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്, ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ? എന്തിനാണ് ഈ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിക്ഷേധിച്ച് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പൂര്‍ണ്ണമായും പിന്‍വലിച്ചു. തുടര്‍ന്ന് പി.ജി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ആശുപത്രികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കെജിഎംഒഎയും, ഐഎംഎയും, നടത്തി വന്നിരുന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചിരുന്നു.
വയനാട് തോല്‍പ്പെട്ടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. സൃഹൃത്തുക്കള്‍ക്കൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സുഹൃത്തുക്കളായ 4 പേര് രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഔട്ട്സ്റ്റാന്‍ഡിങ്ങ് അച്ചീവ്മെന്റ് അവാര്‍ഡ് ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യില്‍ കരസ്ഥമാക്കി. സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍ എന്ന ആത്മകഥക്കാണ് പുരസ്കാരം. കുമരകത്ത് നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്ത പുരസ്കാരം സമ്മാനിച്ചു. 2022ലെ മികച്ച ഗ്രന്ഥത്തിനുളള ഉഗ്മ സാഹിത്യ അവാര്‍ഡ് ലഭിച്ച കൃതിയാണ് സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍. ഡി സി ബുക്സ് ആണ് പ്രസാധകര്.
അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി ലൂര്‍ദ് ആശുപത്രി നഴ്സിംഗ് വിഭാഗം ‘ലൂമിനാന്‍സ് 2023 ‘ സംഘടിപ്പിച്ചു. തേവര ഗവണ്മെന്റ് ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന സംഗമം എറണാകുളം എം എല്‍ എ .ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു. ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂര്‍ദ് ആശുപത്രിയിലെ നഴ്സുമാരുടെ അവിടത്തെ അന്തേവാസികള്‍ക്ക് വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഒറ്റപ്പെട്ടു പോയവര്‍ക്ക് സാന്ത്വനം നല്കാന് എന്നും നിലനില്‍ക്കുന്ന ആരോഗ്യ സേവകര്‍ അവരുടെ ഓരോ നിമിഷവും മറ്റുള്ളവര്‍ക്കായി നീക്കി വച്ചിരിക്കുന്നതിന്റെ ഓര്‍മപ്പെടുത്തുന്നതായിരുന്നു സംഗമം. അവര്‍ക്കായി നിരവധി കലാ – വിനോദ പരിപാടികളും സംഘടിപ്പിച്ചു. ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്റ്റര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, നഴ്സിംഗ് സൂപ്രണ്ട് സി. ധന്യ ജോസഫ്, ഓള്‍ഡ് ഏജ് ഹോമിന്റെ മേധാവി സജീവ്, അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് സി. ഗ്ലാഡിസ് കെ. മാത്യൂ, പി ആര് റനിഷ് എന്നിവര്‍ പങ്കെടുത്തു.
കൂടുല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post