മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യുമോണിയയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്നും മകൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തൃശ്ശൂരിൽ ആത്മഹത്യചെയ്ത ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച് അവശനിലയിലായ ഭാര്യ ട്രാൻസ് വുമൺ റിഷാന ഐഷുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്‌മാൻ ബോഡി ബിൽഡറായിരുന്ന പ്രവീൺ നാഥ് ഇന്നലെയായിരുന്നു മരിച്ചത്. വിഷം കഴിച്ച പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹിതരായ ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തനൽകിയിരുന്നു. ഇത് പ്രവീൺ നാടിനെ മാനസികമായി തളർത്തിയിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
വാഗമണ്ണിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച 13 കാരൻ മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് സംശയം. തൃശൂർ കാട്ടൂർ സ്വദേശി അനസിന്റെ മകൻ മുഹമ്മദ് ഹംദാനാണ് മരിച്ചത്. മെയ് രണ്ടിനായിരുന്നു അനസിന്റെ കുടുംബവും ബന്ധുക്കളുമടക്കം 12 പേർ വാഗമണ്ണിലേക്ക് വിനോദയാത്ര പോയത്. ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച സംഘത്തിലെ മറ്റു രണ്ടു കുട്ടികളും ഛർദിയും മറ്റ് അസ്വസ്ഥതകളൂം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ അസ്വസ്ഥത പ്രകടിപ്പിച്ച ഹംദാനെ ഡോക്ടറെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി എട്ടരയോടെ കുട്ടി മരിച്ചു. ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗവും വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിച്ച ഡയാലിസിസ് യുണിറ്റ് ആരംഭിക്കുന്നതിനെ ചൊല്ലി ഭിന്നാഭിപ്രായം. അനുമതി ലഭിച്ച് ഒന്നര വർഷമായിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, ഡയാലിസിസ് സെന്റർ ആരംഭിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് എം ൽ എ ഉമാ തോമസ് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ഫിസിഷ്യൻ,ടെക്നിഷ്യൻ എന്നിവരുൾപ്പെടെ ഡയാലിസിസ് യുണിറ്റ് ആരംഭിക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഇവിടെയില്ലെന്നും യുണിറ്റ് ആരംഭിക്കാനാകില്ലെന്നും താലൂക്ക് ആശുപത്രികൾക്ക് മാത്രമേ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കാൻ അനുമതിയുള്ളു എന്നാണ് ഇവരുടെ നിലപാടെന്നും എം ൽ എ പറഞ്ഞു.
തിരുവനന്തപുരത്ത് ആഴ്ച്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ജില്ലയിൽ ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ പെരുകാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച
കളിലും, കടകളും സ്ഥാപനങ്ങളും ശനിയാഴ്ച്ചകളിലും, വീടുകളില്‍ ഞായറാഴ്ച്ചകളിലും ആചരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
കേരളത്തിൽ കോവിഡ് വൈറസ് ഒമിക്രോണിന്റെ പുതിയ 2 വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ക്രിട്ടിക്കൽ കെയർ വിദഗ്ധനായ ഡോ. എ.എസ്.അനൂപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ് ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്. ആരും ന്യുമോണിയ ബാധിതരായില്ലെന്നതും മറ്റു ഗുരുതരാവസ്ഥയിലേക്കു കടന്നില്ലെന്നതും പുതിയ വകഭേദം അപകടകാരിയല്ല എന്ന സൂചന നൽകുന്നു.
കൊല്ലം ജില്ലാ ശിശു പരിചരണ കേന്ദ്രത്തിന് വാഹനം സമ്മാനമായി നൽകി എം എ യൂസഫ് അലി. ഇതോടെ കുട്ടികളെ ആശുപത്രിയിലും സ്കൂളുകളിലും എത്തിക്കുന്നതിന് ജില്ലാ ശിശുക്ഷേമ സമിതി ദീർഘക്കാലമായി നേരിടുന്ന പ്രതിസന്ധിക്കാണ് പരിഹാരമായത്. വാഹനം വാങ്ങി നല്‍കാന്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള സമിതി മുൻ സെക്രട്ടറിയുടെ കത്തിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കൊല്ലം ജില്ല ശിശുക്ഷേമ സമിതിയിലെ, ശിശു പരിചരണ കേന്ദ്രത്തില്‍ നിലവില്‍ ഒരു മാസം മുതല്‍ 6 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഉള്ളത്. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പുതിയ വാഹനത്തിന്‍റെ താക്കോലും രേഖകളും ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദൻ മന്ത്രി വീണ ജോര്‍ജ്ജിന് കൈമാറി.
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി ഒരുസംഘം ഡോക്ടർമാർ. ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ഗർഭപാത്രത്തിലുള്ള കുഞ്ഞിന്റെ മസ്തിഷ്ക ശസ്ത്രക്രിയ
വിജയകരമായി പൂർത്തിയാക്കിയത്. തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴൽ കൃത്യമായി വികസിക്കാത്തതിനെ തുടർന്ന് രക്തക്കുഴലുകളെ ബാധിക്കുന്ന അപൂർവമായ രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ സംഭവിക്കുന്നത്. കുഞ്ഞിൻറെ ജീവന് മറ്റ് ഭീഷണിയൊന്നും നിലവിലില്ലെന്ന് ഡോക്ടർമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും, ശക്തമായ കാറ്റിനോടും കൂടിയ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതാ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് ആറിന് തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചക്രവാതച്ചുഴി മെയ് 7 ന് ന്യൂനമര്‍ദ്ദമായും മെയ് എട്ടോടെ തീവ്ര-ന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post