നാല് വർഷത്തോളമായി ലോകത്തെ അലട്ടികൊണ്ടിരിക്കുന്ന കോവിഡ് ഇനി മഹാമാരിയല്ല. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് കൊറോണയെ ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സമിതിയുടെ 15-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2020 ജനുവരി 30നാണ് കൊവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം. പുകവലിയും ഡീജനറേറ്റീവ് സ്‌പൈനൽ ഡിസീസും തമ്മിലുള്ള ബന്ധം വിലയിരുത്താൻ, യൂറോപ്പിലെ ബ്രെയിൻ ആൻഡ് സ്പൈൻ ജേണൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നട്ടെല്ലിന്റെ ഡീജനറേറ്റീവ് രോഗങ്ങൾ വളരെ സാധാരണമാണെന്ന് പഠനം സൂചിപ്പിക്കുന്നു. സ്‌പൈനൽ സ്റ്റെനോസിസിന് പുകവലി ഒരു അപകട ഘടകമാണെന്ന് പഠനത്തിൽ കണ്ടെത്തി. ഡിഎസ്ഡിയിലെ ഒരു പ്രധാന ഘടകമായി നിക്കോട്ടിൻ തിരിച്ചറിഞ്ഞതായി പഠനം സൂചിപ്പിച്ചു. ഇതുവഴി നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്തുന്ന ചില ടിഷ്യൂകൾക്കും ജീനുകൾക്കും കേടുപാടുകൾ സംഭവിക്കാം. പുകവലി മറ്റു ശരീര വേദനകൾക്കും കാരണമാകുന്നതായി പഠനത്തിൽ പറയുന്നു.
എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ ഇ.ഒ.എം.എസ് പ്രശസ്തി പത്രമാണ് നഴ്സിംഗ് സ്കൂൾ സ്വന്തമാക്കിയത്. ഇ.ഒ. എം.എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഴ്സിംഗ് സ്കൂളാണ് എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂൾ. ഗവൺമെന്റ് നഴ്സിങ് സ്കൂളിൽ നടന്ന സർട്ടിഫിക്കേഷൻ കൈമാറൽ ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു.
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രൂപപ്പെടുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ല. എന്നാല്‍ സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്പെടുമെന്നും, മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലപ്പുറം വളാഞ്ചേരിയിൽ എം ഡി എം എയുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ഉമ്മര്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പാലത്തിന് അടിയില്‍ വച്ച് ലഹരി ഉപയോഗവും ഇടപാടുകളും നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 4.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ക്ക് ലഹരി ലഭിച്ചതെന്നും രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യക്കാരിൽ കുട്ടിക്കാലത്തെ പോഷകക്കുറവ് പിന്നീട് ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ കാരണമാണെന്ന് പഠനം. സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോഷകക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹ രോഗചികിത്സയില്‍ വഴിത്തിരിവാകുന്നതാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യക്കാരില്‍ വ്യാപകമായി എസ്ഐഡിഡി അഥവാ സൈവിയര്‍ ഇൻസുലിന്‍ ഡെഫീഷ്യന്‍റ് ഡയബറ്റീസ് എന്ന ടൈപ്പ് 2 പ്രമേഹം, എംഒഡി മൈല്‍ഡ് ഒബ്സിറ്റി റിലേറ്റഡ് ഡയബറ്റീസ് ടൈപ്പ് 2 പ്രമേഹം എന്നിവയാണ് കാണുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി doctorlivetv സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post