നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില
രേഖപെടുത്തിയിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളാണ് താരതമ്യേന ചൂട് കൂടിയ മറ്റു ജില്ലകൾ. ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൂട് ദിനംപ്രതി ഉയരുന്ന സാഹചര്യമായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ട് ഏല്‍ക്കരു തെന്നും ജലം പാഴാക്കാതെ ഉപയോഗിക്കണമെന്നും, വേനല്‍ മഴ ലഭിക്കുമ്പോള്‍ തന്നെ പരമാവധി ജലം സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ നൽകിയ നിര്‍ദേശത്തിൽ പറയുന്നു.
കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി, സന്ധി മാറ്റി വയ്ക്കാതെ തന്നെ പുനസ്ഥാപിച്ച കേരളത്തിലെ ആദ്യ ത്രീ-ഡി കണങ്കാൽ ശസ്ത്രക്രിയ കൊച്ചി വി പി എ സ് ലേക് ഷോർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. വാഹനപകടത്തിൽ കണങ്കാലിനു ഗുരുതരമായി പരിക്കേറ്റ കൊച്ചി സ്വദേശിയായ ഐഐടി വിദ്യാർഥിയാണ് അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കണങ്കാൽ സന്ധിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കി. പ്രമുഖ ഫൂട്ട് ആന്റ് ആങ്കിൾ സർജൻ ഡോ.രാജേഷ് സൈമൺ, ഫിഫ മെഡിക്കൽ സെന്റേഴ്സ് ഓഫ് എക്സലൻസിലെ വിദഗ്ധൻ പ്രൊഫ. നീക് വാൻ ഡിക് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. കണങ്കാൽ, കാൽമുട്ട് സന്ധികളിലേൽക്കുന്ന പരുക്കുകളാണ് ഈ ചികിത്സയിലൂടെ സുഖപ്പെടുത്തുന്നത്. ഈ സന്ധികളിലെ ഒടിഞ്ഞതോ ചതഞ്ഞതോ ആയ തരുണാസ്ഥികൾ 3D വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് സന്ധികളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കുന്നു. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത എപി സീലർ ഇംപ്ലാന്റ് ആണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. പരിക്കേറ്റ ഭാഗം നീക്കം ചെയ്യുന്നതിനും, കൃത്യവും അനുയോജ്യവുമായ ഇമ്പ്ലാൻറ് ഉപയോഗിച്ച് പുനഃസ്ഥാപിക്കാനും ഉതകുന്ന തരത്തിലാണ് എപിസീലറും മറ്റു ഉപകരണങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. എപിഗൈഡ് ഉപയോഗിക്കുന്നതു വഴി ഇപ്ലാന്റിനെ ശരിയായി സ്ഥാപിക്കാനും ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. രാജേഷ് സൈമൺ പറഞ്ഞു.
വിഷു ദിനത്തിൽ മാലിന്യം വലിച്ചെറിഞ്ഞ 15 പേരെ കൈയോടെ പിടികൂടി
കൊച്ചി കോർപ്പറേഷൻ ആരോഗ്യ വിഭാഗം. മാലിന്യം അനധികൃതമായി വലിച്ചെറിഞ്ഞവർക്കെതിരെ 90000 രൂപയാണ് പിഴ ചുമത്തിയത്. കാരണക്കോടം, ചക്കരപ്പറമ്പ്, പാലച്ചുവട്, ഹൈവേ പരിസരം, മെഡിക്കൽ സെന്റർ ഭാഗം എന്നിവിടങ്ങളിലായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. വിഷുവിന് രാത്രി 6 മണി മുതൽ രാവിലെ 7 വരെ നടന്ന പരിശോധനയിൽ മാലിന്യത്തിന്റെ അളവ് അനുസരിച്ച് 2000 രൂപ മുതൽ 10000 രൂപ വരെയാണ് പിഴയിട്ടത്. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ 25000 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കാസർഗോഡ് ചെറുപുഴ സ്വദേശി. കിഡ്‌നി സ്റ്റോണിനു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിന്റെ മുഴുവൻ കല്ലുകളും നീക്കം ചെയ്തില്ലെന്നായിരുന്നു പരാതി. ഒരു കല്ല് നീക്കം ചെയ്യാതെ കിടന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥയാണെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു യുവാവിനെ കിഡ്നിയിലെ നാല് കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിന് കടുത്ത വേദന വന്നതിനെ തുടർന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴായിരുന്നു ഒരു കല്ല് നീക്കം ചെയ്യാതെ കിടക്കുന്നതായി കണ്ടെത്തിയത്. ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കല്ല് നീക്കം ചെയ്യാത്തതല്ല, തരികള്‍ കൂടിച്ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും കുറച്ച് ദിവസം കഴിയുമ്പോള്‍ ഇത് മൂത്രത്തിലൂടെ പുറത്ത് പോകുമെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 10,093 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 57,542 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി കോവിഡ് രോഗമുക്തി നിരക്ക് 98.68 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിലെ മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകളും പുരോഗതിയും നേരിട്ട് വിലയിരുത്തി മന്ത്രി എം ബി രാജേഷ്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ എത്തിയ മന്ത്രി നാളെ മടങ്ങും. പൊതുജനങ്ങളും വ്യാപാരികളും ജനപ്രതിനിധികളുമടക്കം വിവിധ വിഭാഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. വൈറ്റില,ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി,പള്ളുരുത്തി,ഇടപ്പള്ളി,പച്ചാളം തുടങ്ങി കൊച്ചിയിലെ എല്ലാ
മാലിന്യ സംസ്കരണ ക്ലസ്റ്ററുകളിലെയും കർമ്മപദ്ധതിയുടെ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തും.
ഒരു തുള്ളി രക്തത്തില്‍ നിന്ന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ നിര്‍ണയിക്കാന്‍ കഴിയുന്ന പരിശോധന വികസിപ്പിച്ചെടുത്ത് ഡെന്‍മാര്‍ക്ക് കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഹോസ്പിറ്റലിലെ ഗവേഷകര്‍. സാധാരണ രക്ത പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി രക്തത്തുള്ളികളെ ഉണക്കി സൂക്ഷിക്കുന്ന ഡ്രൈഡ് ബ്ലഡ് സ്പോട്ട് പരിശോധനയാണിത്. രക്ത സാംപിളുകള്‍ റൂം താപനിലയില്‍ ആറ് മണിക്കൂറിനുള്ളില്‍ അവലോകനം ചെയ്യപ്പെടണം. ഉണക്കിയ രക്ത സ്പോട്ടുകള്‍ ഫ്രീസറിൽ വയ്ക്കാതെ തന്നെ ഒന്‍പത് മാസം സൂക്ഷിക്കാനാകുമെന്ന പ്രത്യേകതയും ഈ പരിശോധനക്കുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ആശുപത്രി പരിശോധന ഉപകരണം വച്ചു തന്നെ ഈ പരിശോധന നടത്താന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്റ്റീഫൻ നിൽസൺ മോളർ പറഞ്ഞു.
Discussion about this post