ഓക്‌സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാന്‍ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കേരള സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷനറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ എസ്. രേഖ. ഹൃദയത്തില്‍ ഓക്‌സിജന്‍ കുറയുന്ന ഘട്ടത്തില്‍ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച് സംരക്ഷണം നല്‍കാമെന്ന് രേഖ കണ്ടെത്തി. അന്തരീക്ഷവായുകൂടി ശ്വസിക്കുന്ന അനാബസ് വിഭാഗത്തില്‍പ്പെടുന്ന കാരി മത്സ്യത്തെ ഉപയോഗിച്ചായിരുന്നു ഗവേഷണം നടത്തിയത്. പ്രൊഫ. എം.സി. സുഭാഷ് പീറ്റര്‍ ഗവേഷണത്തിന് നേതൃത്വം നല്‍കി. അന്താരാഷ്ട്ര ജേണലായ കംപാരറ്റീവ് ബയോകെമിസ്ട്രി ആന്‍ഡ് ഫിസിയോളജിയുടെ ടോക്‌സിക്കോളജി ആന്‍ഡ് ഫാര്‍മക്കോളജി വിഭാഗത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സൈറ്റോചലാസിന്‍-ഡി എന്ന സംയുക്തമുപയോഗിച്ചാണ് ആക്ടിന്റെ പ്രവര്‍ത്തനം ലഘൂകരിക്കുന്നത്. ഇത് റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷിസ് എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകളെ കുറയ്ക്കുകയും ഹൃദയാരോഗ്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇതിലൂടെ കോശങ്ങളുടെ ഊര്‍ജഫാക്ടറിയായ മെറ്റോകോണ്‍ട്രിയയെ ഉത്തേജിപ്പിച്ച് സമ്മര്‍ദങ്ങളെ നേരിടാന്‍ ഹൃദയത്തെ സജ്ജമാക്കും. മത്സ്യഹൃദയം എങ്ങനെ സമ്മര്‍ദങ്ങളെ അതിജീവിക്കുമെന്ന പരീക്ഷണത്തിലൂടെ മനുഷ്യഹൃദയത്തിന്റെ സമാനനില മനസ്സിലാക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
Discussion about this post