സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഡെത്ത് ഓഡിറ്റില്‍ ഇതിന്റെ കാരണം കണ്ടെത്താനായില്ല. 2024-ല്‍ 3,520 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇവരിൽ 220 പേര്‍ മരിച്ചു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എലിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയ 166 പേര്‍ക്കും കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായി. ഈ വര്‍ഷം ഒന്നരമാസത്തിനിടെ 17 പേര്‍ മരിച്ചു. എലിപ്പനിക്കു കാരണമായ ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയ്ക്കുണ്ടായ വ്യതിയാനമാകാം മരണനിരക്ക് ഉയരാന്‍ കാരണമെന്ന് കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാര്‍ ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ചികിത്സതേടി ഒരാഴ്ച കഴിയുമ്പോഴാണ് രോഗം തീവ്രമാകാറ്. ഇപ്പോള്‍ തുടക്കത്തിലേ പലരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. രണ്ടോമൂന്നോ ദിവസത്തിനകം ഗുരുതരാവസ്ഥയിലാകുന്നുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിനുശേഷം പ്രതിരോധശേഷി കുറഞ്ഞതിനാല്‍ എളുപ്പത്തില്‍ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായി. ഗുരുതര രോഗമുള്ളവര്‍ക്ക് എലിപ്പനി പിടിച്ചാല്‍ മരണസാധ്യത കൂടും. ചികിത്സ വൈകുന്നതും മരണകാരണമാകുന്നു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും മരണനിരക്കു കൂട്ടുന്നുവെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി.
Discussion about this post