സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് HIV പോലുള്ള Virus ബാധ ഉണ്ടാകുമെന്നു നമുക്കറിയാം, എന്നാൽ ലൈംഗീക ബന്ധങ്ങളിലൂടെ കാൻസർ വരാനുള്ള സാധ്യത ഉണ്ടെന്നു നിങ്ങളിൽ എത്രപേർക്കറിയാം? പറഞ്ഞു വരുന്നത് സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയമുഖ അർബുദത്തെകുറിച്ചാണ്. നിങ്ങൾക്ക് യോനിയിൽ നിന്നുള്ള അസാധാരണ രക്തസ്രാവം അല്ലെങ്കിൽ വെള്ളം പോലുള്ള രക്തം കലർന്ന ഡിസ്ചാർജ്. കൂടാതെ മൂത്രമൊഴിക്കലിനോ ലൈംഗിക ബന്ധത്തിനോ ശേഷമുള്ള വേദന, അല്ലെങ്കിൽ പെൽവിക് വേദന എന്നിവയൊക്കെ അനുഭവപ്പെടാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് സെർവിക്കൽ ക്യാൻസറിന്റെ സാധ്യത തള്ളിക്കളയാനാകില്ല. ലൈംഗികമായി സജീവമായ പലരിലും ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ എച്ച്‌പിവി എത്തിയിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ആഗോളതലത്തിൽ, സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയമുഖ അർബുദം എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. 2020 ൽ മാത്രം ആറുലക്ഷത്തിനാലായിരം സ്ത്രീകളെയാണ് ഈ രോഗം ഇരകളാക്കിയത്. 3,42000 സ്ത്രീകളുടെ ജീവൻ ഈ രോഗം കവർന്നെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്‍വിക്‌സ്. ഈ ഭാഗത്തെ ബാധിക്കുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഏറ്റവും അപകടകരമായ ഒരു കാന്‍സര്‍ ആണിത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യുമന്‍ പാപ്പിലോമ വൈറസ് ആണ് സെര്‍വിക്കല്‍ കാന്‍സറിന് ഇടയാക്കുന്നത്. ഈ അർബുദത്തിനു കാരണമാകുന്ന പലതരം ഹ്യൂമൻ പാപ്പിലോമ വൈറസുകൾ ഉണ്ട്. വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സ്പർശിക്കുന്നതിലൂടെയാണ് പകരുന്നത്. ലൈംഗികമായി പകരുന്ന അണുബാധകളുടെ ഏറ്റവും സാധാരണമായ കാരണം ഈ എച്ച്പിവികളാണ്. സാധാരണയായി, ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ രണ്ട് വർഷത്തിനുള്ളിൽ നിങ്ങളുടെ പ്രതിരോധ സംവിധാനം സ്വാഭാവികമായും HPV അണുബാധയിൽ നിന്ന് മുക്തി നേടാറുണ്ട് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഉയർന്ന അപകടസാധ്യതയുള്ള HPV അണുബാധകൾ ശരീരത്തിൽ വർഷങ്ങളോളം, അല്ലെങ്കിൽ പതിറ്റാണ്ടുകളോളം നിലനിൽക്കും. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർത്ത്, സെർവിക്കൽ കോശങ്ങൾ അർബുദ കോശങ്ങളായി മാറ്റും.
Discussion about this post