സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിന് ക്ഷാമമെന്നു റിപ്പോർട്ട്. സർക്കാർ ആശുപത്രികൾക്കു പിന്നാലെ സ്വകാര്യമേഖലയിലും വാക്‌സിൻ തീർന്നതോടെ പ്രതിസന്ധി രൂക്ഷമായി. മെഡിക്കൽ, നഴ്‌സിങ് പ്രവേശനം നേടിയവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും വാക്‌സിനേഷൻ മുടങ്ങി. ഇവർക്ക് വാക്‌സിനേഷൻ നിർബന്ധമാണ്. ചില വിദേശരാജ്യങ്ങളിൽ പോകുന്നതിനു വാക്‌സിൻ നിർബന്ധമാണ്. രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രധാനമായും വാക്‌സിൻ ഉത്പാദിപ്പിച്ചിരുന്നത്. വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ഉത്പാദനം നിയന്ത്രിക്കുകയും നിർത്തിവെക്കുകയും ചെയ്തതാണ് പ്രതിസന്ധിക്കു കാരണമെന്നു വിതരണക്കാർ പറയുന്നു. അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമത്തിന്റെ പേരിൽ വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയമുയർന്നിട്ടുണ്ട്. വിലനിയന്ത്രണപ്പട്ടികയിൽ വന്നതോടെ പൊതുവിപണിയിൽ ഒരു മില്ലി വാക്‌സിന് 100 രൂപയിൽ താഴയേ വിലയുള്ളൂ. സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിലൊന്നും മുതിർന്നവർക്കുള്ള വാക്‌സിൻ കിട്ടാനില്ല. കേന്ദ്ര വാക്‌സിൻ പട്ടികയിലുള്ളതിനാൽ കുട്ടികളുടേതു മാത്രമാണ് സർക്കാർ ആശുപത്രികളിലുള്ളത്. കാരുണ്യ ഫാർമസികളിൽ ഒരാഴ്ച മുൻപുവരെ വാക്‌സിൻ ഉണ്ടായിരുന്നു. രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണു ഹെപ്പറ്റൈറ്റിസ്-ബി പകരുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കരളിലെ അർബുദത്തിനു വരെ കാരണമാകും. രക്തം സ്വീകരിക്കുന്നവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മയക്കുമരുന്ന് കുത്തിവെക്കുന്നവർ, പച്ചകുത്തുന്നവർ, മറ്റുള്ളവരുടെ ഷേവിങ് ഉപകരണം ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കു രോഗസാധ്യത കൂടുതലാണ്. ആദ്യ ഡോസ് എടുത്തതിനുശേഷം ഒരുമാസം, ആറുമാസം, അഞ്ചുവർഷം കൂടുമ്പോൾ എന്നിങ്ങനെയാണ് ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനെടുക്കേണ്ടത്. ആരോഗ്യസ്ഥാപനങ്ങൾക്കു ദേശീയ അംഗീകാരവും മറ്റുസർട്ടിഫിക്കേഷനുമൊക്കെ ലഭിക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർ വാക്‌സിൻ എടുത്തതാണോയെന്നു പരിശോധിക്കും. വാക്‌സിൻക്ഷാമം ആരോഗ്യ സ്ഥാപനങ്ങളുടെ അംഗീകാരത്തിനും തടസ്സമാകും.
Discussion about this post