തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല സ്വദേശിനി ചിത്ര, മുള്ളുവിള സ്വദേശിനി ശരണ്യ എന്നിവർ മെഡിക്കൽ ന്യൂറോ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. നിലവിൽ മൂന്നുപേർ ചികിത്സയിലുണ്ട്. മൂന്നുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്. അതെസമയം ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുമ്പോഴും ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജലസ്രോതസ്സുകളുമായി ബന്ധമില്ലാത്തവർക്ക് രോഗം ബാധിച്ചെത്തിയതോടെ രോഗം എങ്ങനെ പടരുന്നുവെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവർക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്നതിൽ വ്യക്തതയില്ല. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ല, ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല, തലയിലോ മൂക്കിലോ നേരത്തേ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. രോഗികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
Discussion about this post