വീണ്ടും ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വനിതാ ജൂനിയർ ഡോക്ടറെ ക്രൂരമായി രോഗി ആക്രമിച്ചു. ഡോക്ടറുടെ തലമുടിയിൽ പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീൽ ഫ്രെയിമിൽ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബംഗാര രാജു എന്ന രോഗിയാണ് ആക്രമിച്ചതെന്ന് വനിതാ ഡോക്ടർ ആശുപത്രി ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നു. ഡോക്ടർ നടന്നുപോകുന്നതിനിടെ ഇയാൾ അവരെ മുടിയിൽ പിടിച്ച് വലിച്ച് തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. സഹപ്രവർത്തകർ അക്രമിയെ കീഴടക്കിയാണ് ഡോക്ടറെ രക്ഷിച്ചത്. കൊൽക്കത്തയിൽ വനിതാ പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്താകെ പ്രതിഷേധമിരമ്പുന്നതിനിടെയാണ് വീണ്ടും ഡോക്ടർമാർ ആക്രമിക്കപ്പെടുന്നത്.
Discussion about this post