മനുഷ്യന് ഭീഷണിയാവില്ലെന്ന് കരുതിയിരുന്ന പക്ഷിപ്പനി ബാധിച്ച് മെക്‌സികോയില്‍ ഒരാള്‍ മരിച്ചു. വൈറസിന്റെ H5 N2 വകഭേദം ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരില്‍ H5 N2 വൈറസ് ഇതിന് മുമ്പ് ബാധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. അതേസമയം, വൈറസ് മൂലം മനുഷ്യര്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും WHO പറയുന്നു. പനി, ശ്വാസംമുട്ടല്‍, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ബാധിച്ച 59കാരനാണ് മെക്‌സികോ സിറ്റിയില്‍ മരിച്ചത്. ഏപ്രിലിലാണ് ഇയാള്‍ക്ക് ലക്ഷണങ്ങള്‍ തുടങ്ങിയത്. മൂന്നാഴ്ചയായി മറ്റ് അസുഖങ്ങള്‍ മൂലം ഇയാള്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു. രോഗിക്ക് കിഡ്‌നി തകരാര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നതായി മെക്‌സികോ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഏപ്രില്‍ 24നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ രോഗി മരിക്കുകയും ചെയ്തു. പിന്നീട് രോഗിയുടെ സാമ്പിളുകള്‍ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ H5N2 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വൈറസിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന് വ്യക്തമായിട്ടില്ല. മെക്‌സികോയിലെ ചില ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇവിടെ നിന്നാണോ രോഗം പകര്‍ന്നതെന്ന് ഉറപ്പിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിലുണ്ട്.
Discussion about this post