ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. കൃത്യമായ വിവരങ്ങളോടെ രൂപകൽപന ചെയ്യാത്ത പഠനമാണിതെന്നും ഐ.സി.എം.ആർ. പറഞ്ഞു. ഐ.സി.എം.ആറുമായി ബന്ധപ്പെടുത്തിയുളള പഠനത്തിലെ പരാമർശം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഗവേഷകർക്കും പഠനം പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തെഴുതി. ഈ പഠനവുമായി ഐ.സി.എം.ആറിന് ബന്ധമില്ല, യാതൊരുവിധത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ഗവേഷണത്തിനായി നൽകിയിട്ടില്ല. ഐ.സി.എം.ആറിൽ നിന്നുള്ള അനുമതിയില്ലാതിരുന്നിട്ടും ഗവേഷണത്തിന് പിന്തുണ ലഭിച്ചുവെന്ന് പരാമർശിച്ചത് അനുചിതവും അംഗീകരിക്കാനാവാത്തതുമാണ്. നേരത്തേയും സമാനമായ പല പഠനങ്ങളിലും അനുവാദമില്ലാതെ ഐ.സി.എം.ആറിനെ കൂട്ടുപിടിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ നടപടികളിലേക്ക് നീങ്ങാതിരിക്കാൻ വിശദീകരണം നൽകണമെന്നും ഐ.സി.എം.ആർ. കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനറിപ്പോർട്ട് പുറത്തുവന്നത്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. പഠന റിപ്പോർട്ട് ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി കോവാക്സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക് രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post