കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച സുലോചന ഒഴികെ ബാക്കിയുള്ളവർക്ക് ആംബുലൻസിൽ നിന്നും പുറത്തുകടക്കാനായി. വൈദ്യുതി ലൈനിൽ നിന്നാണ് തീപിടിച്ചിരുന്നതെങ്കിൽ എല്ലാവരിലേക്കും തീ പടർന്നേനെ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആംബുലൻസ് പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്. ഇതോടെ വാഹനത്തിൽ തീപ്പൊരി ഉണ്ടായി. അപകടത്തിനു പിന്നാലെ ഡോക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളർ വാഹനത്തിനു പുറത്തിറങ്ങി. എന്നാൽ രോഗിയായ സുലോചനയെ പുറത്തിറക്കാൻ സാധിച്ചില്ല. ഇതിനിടെ വാഹനത്തിലേക്ക് പൂർണമായും തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങൾക്കും തീപിടിച്ചു നാശമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറും തീപിടിച്ച് നശിച്ചു. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നുവെന്നും അഗ്നിരക്ഷാ സേന വിശദീകരിച്ചു. ആംബുലൻസ് പൂർണമായും കത്തിനശിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവർ അർജുനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാദാപുരം സ്വദേശി സുലോചന ആണ് ആംബുലൻസിന് തീപിടിച്ച് വെന്തുമരിച്ചത്. പക്ഷാഘാതത്തിന് ചികിത്സയിൽ ആയിരുന്ന സുലോചനയുടെ സ്ഥിതി മോശമായതോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പുലർച്ചെ 3 മണിക്ക് അപടക്കമുണ്ടായത്.
Discussion about this post