ശരീരത്തിൽ മദ്യം സ്വയം ഉൽപാദിപ്പിക്കപ്പെടുന്ന അപൂർവ രോഗം ബാധിച്ച് യുവാവ്. ബെൽജിയത്തിൽ മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് യുവാവ് പോലീസ് പിടിയിലായതോടെയാണ് സംഭവം പുറത്തുവന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിനെ ബെൽജിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. താൻ മദ്യപിച്ചിട്ടില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. രക്തപരിശോധനയിൽ ആൾക്കഹോളിന്റെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയതോടെ കേസായി. കോടതിയിലെത്തിയപ്പോഴും യുവാവ് താൻ ഒരുതുള്ളിപോലും മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞു. തുടർന്ന് വീണ്ടും പരിശോധക്ക് വിധേയമാക്കിയപ്പോഴും യുവാവിന്റെ രക്തത്തിൽ ആൽക്കഹോൾ സാനിധ്യം കണ്ടെത്തി. മൂന്ന് ഡോക്ടർമാർ മാറിമാറി പരിശോധിച്ചപ്പോഴും മദ്യപിക്കാത്ത യുവാവിന്റെ രക്തത്തിൽ ആൽക്കഹോൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ശരീരത്തിൽ സ്വയം ആൽക്കഹോൾ ഉൽപാദിപ്പിക്കുന്ന ഓട്ടോ ബ്രൂവറി സിൻഡ്രോം (എബിഎസ്) രോഗമാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ യുവാവിനെ കോടതി വെറുതെ വിട്ടു. എബിഎസ് ഒരു ജനിതക രോഗമല്ലെന്നും ശാരീരിക അവസ്ഥയാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കുടലിലെ ചില ഫംഗസിൻ്റെ അമിത വളർച്ച കാർബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്ന് വിദഗ്തതർ വ്യക്തമാക്കുന്നു.
Discussion about this post