പി.സി.ഒ.എസ് തിരിച്ചറിയാൻ വൈകരുതെന്ന് ബോളിവുഡ് സിനിമ താരം സാറ അലി ഖാൻ. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടാൻ തയ്യാറാകണമെന്ന് സാറ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വണ്ണംവെക്കുക, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ പി.സി.ഒ.എസ്സിന്റേതാണോ എന്ന് പരിശോധിക്കണം. ലക്ഷണങ്ങൾ കുറയ്ക്കാൻ ദിവസവും വ്യായാമം ശീലമാക്കണമെന്നും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഗുണം ചെയ്യുമെന്നും സാറ നിർദ്ദേശിച്ചു. ആർത്തവസമയത്താണെങ്കിൽപ്പോലും താൻ വ്യായാമം ചെയ്യുന്നത് നിർത്താറില്ല. വ്യായാമം ചെയ്യുന്നതിലൂടെ തന്റെ മാനസികനില മെച്ചപ്പെടുകയും വേദനയ്ക്ക് കുറവ് അനുഭവപ്പെടുകയുമാണ് ചെയ്യാറുള്ളത്. അധികം കഠിനമല്ലാത്ത വർക്കൗട്ടുകളും
യോഗയുമൊക്കെയാണ് ആർത്തവകാലത്ത് ചെയ്യാറുള്ളത്. പി.സി.ഒ.എസ് ആണെന്നോർത്ത് വിഷമിച്ചിരിക്കാതെ നല്ലദിവസങ്ങൾ വരാനിരിക്കുന്നുണ്ടെന്ന് അവനവനെ ഓർമിപ്പിക്കണമെന്നും സാറ കൂട്ടിച്ചേർത്തു. പ്രീമെൻസ്ട്ര്വൽ സിൻഡ്രോം (പി.എം.എസ്.) എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാറ വ്യക്തമാക്കി. ആർത്തവമാകുന്നതിന് ഒന്നോ രണ്ടോ ആഴ്ച്ചമുമ്പ് സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങളെയാണ് പ്രീമെൻസ്ട്ര്വൽ സിൻഡ്രോം എന്നു പറയുന്നത്. പി.സി.ഒ.എസ്സിലൂടെ കടന്നുപോയ ദുരിതകാലത്തേക്കുറിച്ച് മുമ്പും സാറ വ്യക്തമാക്കിയിട്ടുണ്ട്. താൻ 96 കിലോയോളം വണ്ണംവെക്കാൻ കാരണമായത് പി.സി.ഒ.എസ് കാരണമാണെന്നും സിനിമാപ്രവേശനത്തിനുവേണ്ടിയാണ് വണ്ണംകുറയ്ക്കാൻ തീരുമാനിച്ചതെന്നും സാറ കൂട്ടിച്ചേർത്തു.
Discussion about this post