കൊച്ചിയിൽ ‘രാജ്യാന്തര കോണ്ടം ഡേ’ ആയ ഫെബ്രുവരി 13ന് ‘സുരക്ഷിത ലൈംഗിക ബന്ധം എന്ന ആശയം മുൻനിർത്തി എയ്ഡ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്‌സും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിലെ രാജേന്ദ്ര പാർക്കിൽ വച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. ദിശ കൊച്ചി, കൊച്ചി കോർപ്പറേഷൻ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. പൊതുജനങ്ങൾക്കായി കോണ്ടം സിഗ്നേച്ചർ കാംപെയ്നിന്റെ ഭാഗമായി 40 അടി നീളമുള്ള ബലൂൺ പരിപാടിയിൽ പ്രദർശിപ്പിച്ചു. ജില്ലയിലെ വിവിധ റെഡ് റിബ്ബൺ ക്ലബ്ബുകൾ, കോളജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത ‘കോണ്ടം ഫാഷൻ ആക്സസറീസ്/ഗാർമെന്റ് മത്സരങ്ങളും, കോണ്ടം ഉപയോഗിച്ചു നിർമിച്ച വസ്ത്രങ്ങളുടെ പ്രദർശനവും നടന്നു. അനാവശ്യമായ ഗർഭധാരണം ഒഴിവാക്കുന്നതിനും ലൈംഗിക രോഗങ്ങൾ പിടിപെടാതിരിക്കാനുമുള്ള ഒരു മെഡിക്കൽ ആവശ്യമായി കോണ്ടം തിരഞ്ഞെടുക്കുക എന്ന ആശയം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സൗജന്യ എച്ച്ഐവി, സിഫിലിസ് പരിശോധനാ ക്യാംപ്, വിവിധ മേഖലകളിൽ കോണ്ടത്തിന്റെ വിതരണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു.
Discussion about this post