സാധാരണക്കാര്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ തിരിച്ചറിയാന്‍ നീല കളറിലുള്ള കവറില്‍ വില്പന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആന്റിബയോട്ടിക് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ട മലയാളത്തിലുള്ള സന്ദേശവും കവറിന് പുറകില്‍ നല്‍കും. മരുന്ന് വാങ്ങാന്‍ വന്ന പ്രായമായ ഒരു അമ്മയ്ക്കുണ്ടായ ആശയക്കുഴപ്പത്തില്‍ നിന്ന് എരൂര്‍ എഫ്.എച്ച്.സി.യിലെ ഫാര്‍മസിസ്റ്റായ സുഭാഷിന് ആണ് ഈ ഒരു ആശയം ഉണ്ടായതെന്നും മന്ത്രി വിശദീകരിച്ചു. സുഭാഷിന്റെ ഈ ആശയം എറണാകുളം ജില്ലയില്‍ ആദ്യഘട്ടമായി നടപ്പിലാക്കും എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. എഎംആര്‍ സാക്ഷരത കൈവരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഇടമായി മാറിക്കൊണ്ട് ഈ മേഖലയില്‍ ലോക മാതൃക തീര്‍ക്കുവാന്‍ കേരളത്തിന് കഴിയും എന്ന ആത്മവിശ്വാസമാണ് ഇങ്ങനെയുള്ള ഓരോ ആരോഗ്യ പ്രവര്‍ത്തകനും ആരോഗ്യ പ്രവര്‍ത്തകയും നല്‍കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന എഎംആര്‍ അവബോധത്തിനായുള്ള ഗോ ഫോര്‍ ബ്ലൂ കാമ്പയിനില്‍ നീലയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
Discussion about this post