പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി, പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. 9 മെഡി. കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹിക ആരോഗ്യകേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
എറണാകുളം ജില്ലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ ജനന മരണ നിരക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ആനുവല്‍ വൈറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജില്ലയിലെ നഗര, ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. സ്ത്രീപുരുഷാനുപാതത്തിലെ ഏറ്റക്കുറിച്ചിലുകള്‍ ഭാവിയില്‍ ജനസംഖ്യയെയും, സാമൂഹിക, സാസ്‌കാരിക, സാമ്പത്തിക മേഖലകളെയും ബാധിക്കുമെന്നും പഠനം ചുണ്ടിക്കാണിക്കുന്നു.
കൊച്ചി എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു അമ്മ അശ്വതി. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍കണ്ട പാടുകളില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും പുരുഷ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഹൗസ് സര്‍ജന്മാര്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. 2018 ബാച്ചിലുള്ള 90 ഹൗസ് സര്‍ജന്മാര്‍ക്ക് 5 മാസമായി സ്‌റ്റൈപന്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
യുദ്ധത്താല്‍ വിറങ്ങലിച്ച ഗസയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനമൊരുക്കുന്ന ഡബ്‌ള്യു.എച്ച്.ഒ അംഗങ്ങളോട് തെക്കന്‍ ഗസയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലിന്റെ നിര്‍ദ്ദേശം. 24 മണിക്കൂറിനുള്ളില്‍ വെയര്‍ ഹൗസുകള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ഇസ്രയേലിന്റെ ആവശ്യം തള്ളിയ ഡബ്‌ള്യു.എച്ച്.ഒ, ആശുപത്രികളുടെയും സിവിലിയന്‍സിന്റെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post