സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകള്‍, കുഞ്ഞിന്റെ വളര്‍ച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികള്‍ ആനുകൂല്യങ്ങള്‍ എന്നിവ ആശപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവജാതശിശു പരിചരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ 24 എസ്.എന്‍.സി.യു. പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ 64 NBSU, 101 NBCC എന്നിവ സര്‍ക്കാര്‍ മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളില്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശ രോഗികള്‍ക്കായുള്ള പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സി.ഒ.പി.ഡി. സെന്റര്‍ തൃശൂര്‍ നെഞ്ചുരോഗ ആശുപത്രിയില്‍ ഈ വര്‍ഷം ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സി.ഒ.പി.ഡി. രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി. ലോക സി.ഒ.പി.ഡി. ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ശ്വാസമാണ് ജീവന്‍ – നേരത്തെ പ്രവര്‍ത്തിക്കൂ’ (Breathing is Life – Act Earlier) എന്നതാണ് ഈ വര്‍ഷത്തെ ലോക സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease). ദിന സന്ദേശം.
കായിക മേഖലയ്‌ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദര്‍ശിച്ച വേളയിലാണ് കായിക, ആരോഗ്യ മേഖലകളില്‍ സഹകരിക്കാന്‍ ധാരണയായത്. കേരളവും ക്യൂബയും പല കാര്യങ്ങളിലും സാമ്യമുള്ള നാടുകളാണ്. രണ്ടിടത്തും തീരദേശം നിറഞ്ഞ ഭൂപ്രകൃതിയാണ്. പൊതുജനാരോഗ്യ രംഗത്തും രണ്ടു സ്ഥലങ്ങളും മുന്നേറിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങള്‍ക്ക് മാതൃകയാണ്. കോവിഡ് കാലത്ത് ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സഹായദൗത്യവുമായി മറ്റു രാജ്യങ്ങളില്‍ പോയി. കേരളവും കോവിഡിനെ ഫലപ്രദമായി ചെറുത്ത് മാതൃകയായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. ഒരു വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയ കുട്ടികള്‍ പോലും കേള്‍വി തിരിച്ചുകിട്ടാതെ സങ്കടത്തിലാണെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനന്സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇവര്‍ക്ക് അടുത്തുള്ള എം പാനല്‍ ആശുപത്രി വഴി ചികിത്സ തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 516 അപേക്ഷകളാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ബാക്കിയുള്ള 59 അപേക്ഷകളിലും നടപടി സ്വീകരിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി. സാമൂഹിക ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതമാണ് ആളുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന തിരിച്ചറിവിലാണു നടപടി. യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി അധ്യക്ഷനായ 11 അംഗ കമ്മിഷന്റെ ആദ്യ യോഗം ഡിസംബര്‍ 8നു നടക്കും. 3 വര്‍ഷത്തേക്കാണു സമിതിയുടെ പ്രവര്‍ത്തനം.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post