ഇസ്രയേലിന്റെ ഉപരോധം മൂലം ഗാസയിലെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം വൈകാതെ നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതല്‍ ഇന്ധനശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതണത്തില്‍ റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.അത്യാഹിത സംവിധാനങ്ങള്‍ക്കുവേണ്ടി ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവര്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളവര്‍, ഇന്‍ക്യുബേറ്റര്‍ ആവശ്യമുള്ള നവജാതശിശുക്കള്‍ തുടങ്ങിയ അതിദുര്‍ബലരായ രോഗികള്‍ക്ക് അതിജീവനം അസാധ്യമായി മാറിയേക്കാമെന്നും who മുന്നറിയിപ്പ് നല്‍കി. അതേസമയം ഗാസയില്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ചികിത്സ തേടിയെത്തുന്നവരുടെ തിരക്ക് കൂടി വരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും ദൗര്‍ലഭ്യം രൂക്ഷമാക്കുകയാണ്. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്റര്‍നെറ്റ് തുടങ്ങിയ അവശ്യവിഭവങ്ങളുടെ വിതരണത്തില്‍ ഇസ്രയേല്‍ ദിവസങ്ങക്കു മുമ്പേ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തില്‍ ജില്ലാ ആശുപത്രികളില്‍ ആദ്യമായി, എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ആശുപത്രിക്ക് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.ഇതാദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ട്രാന്‍സ്പ്ലാന്റ്റേഷനുള്ള ഔട്ട്പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 8891924136 എന്ന നമ്പറില്‍ ബന്ധപ്പെടുക.
നിയമന കോഴ ആരോപണത്തെില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തനിക്ക് പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. ആരോപണ വിധേയര്‍ തന്റെ ബന്ധുവാണെന്ന് ചിലര്‍ പ്രചരണം നടത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി. ആരോപണം പുറത്ത് വന്ന സമയതുതന്നെ വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ ബാസിതിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
ഭക്ഷ്യപ്പൊടില്‍ സ്വയം തയ്യാറാക്കുന്നതാണ് നല്ലതെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. മുളക്, മല്ലി, മഞ്ഞള്‍, അരി, ഗോതമ്പ് തുടങ്ങിയവ കഴിവതും ഒരുമിച്ചുവാങ്ങി കഴുകി വൃത്തിയാക്കി ഉണക്കി പൊടിക്കുന്നതാണ് നല്ലതെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാഴാഴ്ച ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തേണ്ട അധികൃതര്‍തന്നെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടത് വിപണിയില്‍ മായംചേര്‍ത്ത വസ്തുക്കള്‍ സുലഭമാണെന്ന് സമ്മതിക്കുന്നതാണെന്നും, ഇത് വകുപ്പിന്റെ പരാജയമാണെന്നും ഭൂരിഭാഗം ആളുകളും പ്രതികരിച്ചു. ഇതോടെ,പായ്ക്കറ്റ് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണിതെന്നതരത്തിലുള്ള കമന്റുകള്‍ പോസ്റ്റ്‌റിനു കീഴില്‍ വ്യാപകമാവുകയാണ്.
Discussion about this post