കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചു. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കണമെന്നും വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട് ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് നിപ വൈറസിനുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിപ പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ ബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടികയില്‍ നിലവില്‍ 789 പേരാണുള്ളത്.
കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് അതിര്‍ത്തി കടത്തിവിടുന്നത്. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ നല്‍കാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചതായാണ് പുറത്തു വരുന്ന വിവരം.
സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗ ലക്ഷണം ഇല്ലാത്തവരില്‍ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ലെന്നും രോഗിയില്‍ നിന്ന് ശരീര സ്രവങ്ങളിലൂടെ രോഗം പടരുമെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിപ ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ഒരു ആശ്വാസ വാര്‍ത്ത. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന് ഉറപ്പിക്കുന്നതാണ് ഈ ആശ്വാസ വാര്‍ത്ത. അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നിലയില്‍ മാറ്റമില്ലാതെ ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച 24 വയസുകാരനായ ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്. ഇതുവരെ ആകെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരില്‍ 2 പേര്‍ മരണമടഞ്ഞു. 3 പേര്‍ കോഴിക്കോട്ട് ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവായി. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post