പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്ത്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് വരുത്താന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നുവെന്നും സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ്.എസ് പറഞ്ഞു. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ. നടപടിക്രമം പാലിക്കാതെ പോലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും ബിനോയ്.എസ് കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ഹര്‍ഷിന. പൊലീസില്‍ നിന്നും നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ എത്തിക്സിനു വിരുദ്ധമാണ് കെജിഎംസിടിഎ നിലപാടെന്നും ഹര്‍ഷിന പറഞ്ഞു. അതേസമയം, മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്ക്യൂട്ടറില് നിന്ന് ലഭിച്ച നിയമോപദേശം. ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.
വരള്‍ച്ചാ ഭീഷണി തുടരവെ കേരളത്തില്‍ രണ്ടാഴ്ച്ചക്ക് ശേഷം മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയില്‍ ഐഒഡി സൂചിക +0.34 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് +0.79 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതലാകുകയും ചെയ്തു. ഇതേ അവസ്ഥയില്‍ നാല് ആഴ്ചക്ക് മുകളില്‍ തുടര്‍ച്ചയായി നിന്നാല്‍ കേരളത്തില്‍ ഉടന്‍ മഴ ലഭിച്ചേക്കും.
ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ഗവേഷണത്തിനായി റേഡിയോ ആക്ടിവ് ഐസോടോപ്പുകള്‍ അടങ്ങിയ റൊട്ടി നല്കിയ സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി യുകെയിലെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം തായ്വോ ഒവാട്ടെമി. പഠനത്തില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അവര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ദക്ഷിണേഷ്യക്കാരിലെ ഇരുമ്പിന്റെ അഭാവത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി 1969 ലാണ് ഇരുമ്പിന്റെ അപര്യാപ്തത നേരിടാന്‍ 21 ഇന്ത്യന്‍ വംശജര്‍ക്ക് ഇത്തരം റൊട്ടി നല്‍കിയത്. പരീക്ഷണത്തിനായി തിരഞ്ഞെടുത്തവര്‍ക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പായ ‘അയണ്‍-59’ അടങ്ങിയ ബ്രെഡാണ് നല്‍കിയത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇത്തരമൊരു പരീക്ഷണത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഒവാട്ടെമി പറഞ്ഞു.
നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരിലാണ് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അമേരിക്കയിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. രാത്രിയില്‍ വെറും അഞ്ച് മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുതലായിരിക്കുമെന്നും ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു. ഉറക്കമില്ലായ്മ രക്തസമ്മര്‍ദത്തിന്റെ തോത് ഉയര്‍ത്തുന്നത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നിങ്ങനെയുള്ള ചില ഹോര്‍മോണുകളുടെയും അസന്തുലനം ഉറക്കമില്ലായ്മ തകരാറിലാക്കും. ഈ ഹോര്‍മോണുകളുടെ അസന്തുലനം ചയാപചയത്തെ ബാധിച്ച് അണുബാധയിലേക്കും അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാം. ഇവയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post