ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ സമര പ്രഖ്യാപനവുമായി ഹര്‍ഷീന രംഗത്തെത്തിയിരുന്നു.
ലോക മുലയൂട്ടല്‍ വാരാചാരണം സമാപിച്ചതിന് തൊട്ടുപിന്നാലെ പോപ്പ് താരം റിഹാന കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. റിഹാനയുടെ വസ്ത്ര ബ്രാന്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കേണ്ടതിന്റെ പ്രാധാന്യവും മുലയൂട്ടല്‍ സാമാന്യവത്കരിക്കേണ്ട ആവശ്യകതയുമാണ് ഈ ചിത്രങ്ങളിലൂടെ റിഹാന പറയാന്‍ ശ്രമിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ലോകത്താകമാനം ആരാധകരുള്ള പോപ്പ് താരം റിഹാനയ്ക്ക് സംഗീതമേഖലയില്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ വലിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മെഡിക്കല്‍ ടൂറിസം കൂടുതല്‍ ജനകീയമാകുന്ന സമയത്ത് ഇന്ത്യയെ പരമ്പരാഗത ചികിത്സയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ ലഭിക്കുക. ആയുഷ് വിസ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ ആയുര്‍വേദ, സുഖചികിത്സ രീതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യതയുള്ളതിനാല്‍ ഉഴിച്ചിലിനും മറ്റ് ആയുര്‍വേദ ചികിത്സയ്ക്കും നിരവധി വിദേശികള്‍ എല്ലാ വര്‍ഷവും കേരളത്തിലെത്താറുണ്ട്.
പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. Zuranolone എന്നു പേരിട്ടിരിക്കുന്ന മരുന്ന് ടage Therapeutics, Biogen എന്നീ കമ്പനികള്‍ സംയുക്തമായാണ് വികസിപ്പിച്ചത്. ദിവസം ഒന്ന് വീതം 14 ദിവസത്തോളം കഴിക്കാവുന്ന വിധത്തിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. കടുത്ത പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് പ്രസ്തുത മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്ന് എഫ്.ഡി.എയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാല്യുവേഷന്‍ ആന്റ് റിസര്‍ച്ചിലെ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ പറഞ്ഞു. മരുന്നു കഴിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായാണ് 350 പേരെ ആസ്പദമാക്കി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയും കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡും സംയുക്തമായി വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്ന മേഖലയില്‍ പരിശീലനം നല്‍കുന്നു. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം ലഭിക്കും. ആരോഗ്യ മേഖലയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയോ സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയോ ജോലി ലഭിക്കുവാന്‍ ഈ പരിശീലനത്തിലൂടെ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9995618202 / 9778598336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
രാജ്യത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ടിബി മുക്ത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള നി-ക്ഷയ് ക്യാമ്പയിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷയ രോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷയ് മിത്ര പദ്ധതി നടപ്പിലാക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ നി-ക്ഷയ് മിത്രമായി ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര സ്വദേശിയുടെ വീട്ടിലെത്തി കളക്ടര്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
യൂറിന്‍ ബാഗിനുപകരം സോഫ്റ്റ് ഡ്രിങ്കിന്റെ കുപ്പി കത്തീറ്ററില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ബീഹാറില്‍ നടന്ന സംഭവത്തില്‍ മരിച്ച രോഗിയെ തിരിച്ചറിയാനായിട്ടില്ല. എന്നാല്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ യൂറിന്‍ ബാഗ് ലഭ്യമായിരുന്നില്ലെന്നും, താല്‍ക്കാലികമായാണ് സോഫ്റ്റ് ഡ്രിങ്ക് കുപ്പി ഉപയോഗിച്ചതെന്നും പിന്നീട് ഇതി മാറ്റിസ്ഥാപിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗിയുടെ ചികിത്സാ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post