നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
കുത്തിവയ്‌പ്പെടുത്തിട്ടും മരണം സംഭവിക്കുന്നു എന്ന ആരോപണങ്ങളില്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന ഹര്‍ജിയില്‍ കേരളത്തെ കക്ഷിചേര്‍ത്ത് സുപ്രീം കോടതി. കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് ജസ്റ്റിസ് സി.ടി രവികുമാര്‍ വാദത്തിനിടെ പറഞ്ഞു. അടുത്തകാലത്തായി നായ്ക്കളുടെ കടിയേറ്റതിനുശേഷം കുത്തിവയ്‌പ്പെടുത്തിട്ടും മരണം സംഭവിച്ച ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന കേരള പ്രവാസി അസോസിയേഷന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
കോവിഡിന് ശേഷം ഇന്ത്യക്കാരില്‍ തലവേദന വര്‍ധിക്കുന്നതായി പുതിയ പഠനം. ബേയേഴ്‌സ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഡിവിഷന്റെ നേതൃത്വത്തില്‍ ഹന്‍സ റിസര്‍ച്ച് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. തലവേദനക്കാര്‍ കൂടുതല്‍ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
നഴ്‌സിങ് പഠനത്തിന്റെ പേരില്‍ കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വ്യാജ അഡ്മിഷനുകളുടെ പേരിലും, വലിയ തുക ഫീസ് ഇനത്തിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയിലെ നഴ്‌സിങ് മേഖലയില്‍ തട്ടിപ്പിന് ഇരയാകുന്നതായാണ് വിവരം.
ദിവസവും രണ്ടുനേരം പല്ലുതേയ്ക്കുന്നവരില്‍ രോഗ സാധ്യതകള്‍ കുറവാണെന്ന് പഠനം. ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാല ആശുപത്രിയിലെ രേഖകളുടെ അടിസ്ഥാനത്തില്‍, നേച്ചേഴ്‌സ് ജേര്‍ണല്‍ സയന്റിഫിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടുനേരം പല്ലുതേയ്ക്കാത്തവരില്‍, വായിലുണ്ടാകുന്ന ബാക്ടീരിയ കുടലിനെ ബാധിക്കുകയും ഇത് രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനം മുന്നറിയിപ്പുനല്‍കുന്നു.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കണമെന്ന് റവന്യുമന്ത്രി കെ. രാജന്‍. വ്യാപക മഴയേക്കാള്‍ ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. അണക്കെട്ടുകളെ സംബന്ധിച്ച് ഭീതിയുടെ ആവശ്യമില്ല. അണക്കെട്ടുകളില്‍ അമിത വെള്ളമില്ല. ഭൂചലനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 18 വയസ്സിന് താഴെയുള്ള 1031 ദുരിത ബാധിതരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സമര സമിതി കണ്‍വീനര്‍ പി. ഷൈനി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നടപടി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post