നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ഇന്ത്യക്ക് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോക്ടർ ഗ്രേസ് അച്യുഗുരാ. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശിൽപശാലയിൽ സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രി വീണാ ജോർജുമായി ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി കൂടിക്കാഴ്ച നടത്തി. രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുമെടുത്തുള്ള ചികിത്സാ ചെലവ് കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് പഠനം നടത്താൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതായും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് കേരളത്തിന് ദേശീയ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ലഭിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്. ജീവനക്കാർക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ രണ്ടു മാസം മുമ്പാണ് ഐ.സി.യുവിൽ ഗ്രേഡ് വൺ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇരയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാർക്കെതിരെയുള്ള പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഈ വർക്ഔട്ട് വിഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും താരത്തിന്റെ ആരാധകർ കമന്റ് ചെയ്തു. ഒരിക്കലും തോറ്റു കൊടുക്കരുത് എന്നും ബാല വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
സംസ്ഥാനത്ത് മഴക്കാല രോഗങ്ങളിൽ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊതുക് ജന്യ രോഗങ്ങൾ വർധിക്കുന്നതായി മന്ത്രി അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ഡെങ്കിപ്പനി വർധിച്ചതായും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ എലിപ്പനി വർധിച്ചതായും മന്ത്രി പറഞ്ഞു. എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മണ്ണിൽ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശം നൽകി.മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടിൽ അകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോടിൽ വീണ്ടും വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറത്ത് നിന്ന് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നുമായി ഫറോക്ക് സ്വദേശി അൻവർ സാലിഹ് , ചേളനൂർ സ്വദേശി സഗേഷ് കെ എം, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ 400 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ആന്‍റി നർകോടിക് സെൽ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് വില്പനക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നെത്തിച്ച രണ്ടു ടൺ പഴകിയ മത്സ്യമാണ് പിടികൂടിയത്. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്.
കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ. ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ് എന്നി ഏജൻസികളുമായി കരാറായതായി കോർപറേഷൻ അറിയിച്ചു. ഒരു ടൺ ജൈവ മാലിന്യത്തിന് 4000 രൂപയാണ് നൽകുക. ഏജൻസികൾ എങ്ങോട്ടേക്കാണ് മാലിന്യം കൊണ്ടുപോകുന്നത് എന്ന വിവരം കോർപ്പറേഷൻ വ്യക്തമാക്കിയിട്ടില്ല. ബ്രഹ്മപുരത്തേക്ക് മാലിന്യ എത്തിക്കുന്നത് പൂർണമായും തടയുമെന്നും കഴിഞ്ഞ ദിവസം ഉണ്ടായ ചില ആശയകുഴപ്പത്തിന്റെ പേരിലാണ് അങ്ങോട്ട് എത്തിച്ചത് എന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം.
ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയായ എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് അമേരിക്കയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തുടനീളം എച്ച്.എം.പി.വി. കേസുകൾ വർധിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകി. മാർച്ച് പകുതിയിൽ മാത്രം ശേഖരിച്ച സാമ്പിളുകളിൽ പതിനൊന്ന് ശതമാനം പോസിറ്റീവ് ആയിട്ടുണ്ടെന്നും കോവിഡ് മഹാമാരിക്കു മുമ്പുള്ള കാലത്തേക്കാൾ 36 ശതമാനം അധികമാണ് ഇതെന്നും സി.ഡി.സി പറയുന്നു. വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതും പ്രധാന വെല്ലുവിളിയായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പനി, ജലദോഷം, ചുമ, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കാലവർഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജൂൺ നാലിന് ഏഴ് ജില്ലകളിൽ യല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. നിലവിൽ കാലവർഷം മാലിദ്വീപ്, കന്യാകുമാരി ഭാഗങ്ങളിൽ പ്രവേശിച്ചതായി കാലാവസ്ഥ കേന്ദ്രം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ന്യൂനമർദമായി ശക്തി പ്രാപിക്കുന്നത് കേരളത്തെയും ബാധിക്കുമെന്ന് കാലാവസ്ഥ ഏജൻസികൾ അറിയിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post