നോക്കാം സുപ്രധാന ആരോഗ്യവാർത്തകൾ,
സംസ്ഥാനത്ത് ആശുപത്രിയിൽ വീണ്ടും രോഗിയുടെ ആക്രമണം.
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. അടിപിടികേസിൽ പരിക്കേറ്റതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച നെടുങ്കണ്ടം സ്വദേശി പ്രവീണാണ് അക്രമാസക്തനായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ നെടുങ്കണ്ടം ടൗണിലെ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും കാല്നടയാത്രക്കാരെ ആക്രമിക്കുകയും ചെയ്യ്തതിനെ ത്തുടർന്നുണ്ടായ അടിപിടിയിലാണ് പരിക്കേറ്റത്. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സ നല്‍കുന്നതിനിടെ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനാൽ പൊലീസ് സാന്നിധ്യത്തിൽ കൈകാലുകൾ ബന്ധിച്ചാണ് ഇയാൾക്ക് ചികിത്സ നൽകിയത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി വിട്ട ശേഷം കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നെടുങ്കണ്ടം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കൊട്ടാരക്കരയിൽ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍. ആവശ്യമായ സുരക്ഷാ ഉറപ്പുവരുത്താതെ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സംഘടന. ഹൗസ് സര്‍ജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവ് ഇറക്കുക, മെഡിക്കല്‍ കോളജുകളിലടക്കം ജോലിഭാരം കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. മതിയായ സുരക്ഷയും താമസസൗകര്യവും സര്‍ക്കാര്‍ ഉറപ്പാക്കാതെ ഇനി ജോലിക്കില്ലെന്ന് മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സംഘടനയായ KMPGAയും അറിയിച്ചു. ഇന്ന് ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കും.സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനും അറിയിച്ചു. അതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ അത്യാവശ്യമുള്ള രോഗികള്‍ മാത്രം എത്താവൂവെന്നും സംഘടന അഭ്യര്‍ഥിച്ചു.
കൊട്ടാരക്കരയിൽ യുവഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. നമ്പർ 1 കേരളമായിട്ടും സർക്കാർ ആശുപത്രിയിൽ വച്ച് മാരകമായി പരുക്കേറ്റ ഡോക്ടറെ ചികിൽസിക്കാൻ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനെ നടൻ വിമർശിച്ചു. സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച സന്തോഷ് പണ്ഡിറ്റ് ആക്രമാസക്തനായ പ്രതിയെ 20 മിനുട്ടുകൾക്കു ശേഷം ആശുപത്രി ജീവനക്കാർ ആണ് കീഴടക്കിയതെന്നും പ്രതികരിച്ചു.
പാലക്കാട് കോങ്ങാട് എം എൽ എ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി കെ ജി എം ഒ എ. ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചുവെന്നാണ് പരാതി. താൻ എംഎൽഎ ആണെന്ന് പറഞ്ഞ് ഡോക്ടരോട് കയർക്കുകയായിരുന്നുവെന്ന് കെജിഎംഒഎ ആരോപിച്ചു. ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. ഇതുകൊണ്ടാണ് ഡോക്ടർമാർക്ക് മർദനമേൽക്കുന്നതെന്ന തരത്തിൽ എം.എൽ.എ തങ്ങളെ അപമാനിച്ചു സംസാരിച്ചുവെന്നും ഡോക്ടർമാരുടെ സമരം നടക്കുന്ന അവസരത്തിൽ ക്യാഷ്വാലിറ്റിയിൽ ഇത്ര തിരക്കുള്ള സമയത്ത് ടെംപറേച്ചർ നോക്കാൻ തെർമോമീറ്റർ ഇല്ലേയെന്ന് ചോദിച്ച് എം.എൽ.എ കയർക്കുകയായിരുന്നുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ ആരോപിച്ചു. എന്നാൽ ഡോക്ടർമാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും അത്യാഹിത വിഭാഗത്തിൽ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് താൻ പറഞ്ഞതെന്നും എം എൽ എ വിശദീകരിച്ചു.
ഇന്ന് ലോക നഴ്സസ് ദിനം. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികമാണ് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിന പ്രമേയം. 1974-ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് മെയ് 12 ലോകമെമ്പാടുമുള്ള നഴ്‌സുമാരെ ഓർമിക്കുന്നതിനുള്ള ഒരു ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ആരംഭിക്കുന്നത്.
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ വരുന്ന 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ ഉപവാസമിരിക്കും. ഹർഷിന നേരത്തെ മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തിയപ്പോൾ ആരോഗ്യ മന്ത്രി നേരിട്ടെത്തി സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. പൂർണ്ണ പിന്തുണയും ആരോഗ്യമന്ത്രി അന്ന് ഹർഷിനയ്ക്ക് നൽകിയിരുന്നു. പിന്നാലെ സർക്കാർ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാൽ രണ്ട് ലക്ഷം രൂപ താൻ അഞ്ച് വർഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് ഹർഷിനയുടെ ആവശ്യം. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിയ സമരം അവസാനിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി ചേർന്ന ഉന്നത തല യോഗത്തിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതുവരെ വി.ഐ.പി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുന്നതാണെന്നും സംഘടന അറിയിച്ചു. ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം ചെയ്യാനാണ് സംഘടനയുടെ തീരുമാനം.
ഇടുക്കി കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ മാസം ഏഴിനായിരുന്നു യുവതി പ്രസവിച്ചത്. കുട്ടി ജനിച്ചയുടൻ മരിച്ചതായി വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കുട്ടിയെ ശുചിമുറിയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നതായി സമ്മതിച്ചു. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്റെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല. ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 14 വരെ വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ചത്തീസ്ഗഢിലെ കാനന്‍ പെണ്ഡാരി സുവോളജിക്കല്‍ ഗാര്‍ഡനിൽ വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരു വയസ്സ് പ്രായമുള്ള കടുവ കുഞ്ഞ് ചത്തു. വൃക്ക സംബന്ധമായ അവശതകളെ തുടര്‍ന്ന് മേയ് 4 മുതല്‍ കടുവ ചികിത്സയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി.
മഹാമാരി പട്ടികയിൽ നിന്ന് കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 100ലധികം രാജ്യങ്ങളിൽ എംപോക്സ് പടർന്നപ്പോഴാണ് ലോകാരോഗ്യ
സംഘടനയുടെ ഡയറക്ടർ ജനറൽ റെഡ്‌റോസ് അധാനോം ഘെബ്രീയേശുസ് രോഗത്തെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. ആഫ്രിക്കയിലെ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ. എംപോക്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് മഹാമാരി പട്ടികയിൽ നിന്ന് ഈ രോഗത്തെ ഒഴിവാക്കിയത്.
ആന്റിബയോട്ടിക് മരുന്ന് കഴിച്ച് ജപ്പാനിലെ അറുപതുകാരിയുടെ നാവ് മരുന്നിനോടുള്ള പ്രതികരണമെന്ന നിലയില്‍ കറുത്ത്, രോമം നിറഞ്ഞ മട്ടിലായതായി റിപ്പോര്‍ട്ട്. റെക്ടല്‍ അര്‍ബുദം ബാധിച്ച ഈ സ്ത്രീ 14 മാസങ്ങളായി ചികിത്സയിലായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കീമോതെറാപ്പിയുടെ പരിണിത ഫലങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ കഴിച്ച മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് മരുന്നാണ് രോഗിക്ക് ഈ അവസ്ഥയുണ്ടാക്കിയത്. പ്രതിദിനം 100 മില്ലിഗ്രാം മിനോസൈക്ലിനാണ് സ്ത്രീ ഉപയോഗിച്ചു കൊണ്ടിരുന്നത്. നാവു കറുത്തതിന് പുറമേ രോഗിയുടെ മുഖവും ചാര നിറമായതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് ദ മെട്രോ റിപ്പോര്‍ട്ടിൽ
പറയുന്നു.മരുന്ന് മാറ്റി നല്‍കിയതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീയുടെ നാവിലെ കറുപ്പും മുഖത്തെ ചാര നിറവും മാറിയതായി ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post