തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിനിയാണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് യുവതിയും സുഹൃത്തും ചേർന്ന് വിറ്റത്. മൂന്നു ലക്ഷം രൂപ നല്‍കിയാണ് കരമന സ്വദേശികൾ കുഞ്ഞിനെ വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് അറിയിച്ചു.
ഹൃദയാഘാതം യുവാക്കളെക്കാൾ യുവതികളുടെ ജീവിതത്തെ ബാധിക്കുമെന്ന് പഠനം. ജേർണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരം. ഹൃദയാഘാതം വന്ന യുവതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു. ഗവേഷണത്തിന്‍റെ ഭാഗമായി ശരാശരി 47 വയസ് പ്രായമുള്ള, 2985 പേരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷകര്‍ വിലയുരുത്തിയത്. ഇതില്‍ 2009 പേര്‍ സ്ത്രീകളും 976 പേര്‍ പുരുഷന്മാരുമായിരുന്നു. ഹൃദയാഘാതം വന്ന പുരുഷന്മാരില്‍ 23 ശതമാനം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സ്ത്രീകളില്‍ ഇത് 35 ശതമാനമായിരുന്നു. ഗവേഷണത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം, വൃക്കരോഗം തുടങ്ങിയ രോഗാവസ്ഥകളും കൂടുതലാണെന്ന് കണ്ടെത്തി. ഹൃദ്രോഗത്തെ കുറിച്ചുള്ള ബോധവത്ക്കരണം യുവതികളിൽ കൂടുതല്‍ ആവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
മലപ്പുറം താനൂര്‍ ബോട്ടപകടത്തെ കുറിച്ചുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. ബോട്ടപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദ്ദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. രാവിലെ ആറ് മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം നടപടികൾ ആരംഭിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദ്ദേശം നൽകി. മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സക്കായി നിയോഗിക്കും.
മധ്യപ്രദേശിൽ ആശുപത്രി മുറ്റത്ത് പ്രസവിച്ച യുവതിയെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. ജില്ലാ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ആംബുലൻസിനു വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ കിടത്താൻ സ്ട്രക്ച്ചറോ സഹായിക്കാൻ അറ്റൻഡർമാരെയോ കാണാനായില്ല എന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്നായിരുന്നു യുവതി ആശുപത്രി മുറ്റത്ത് പ്രസവിച്ചത്. പിന്നീട് നാട്ടുകാർ എത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാർ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഭർത്താവ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എറണാകുളത്ത് വയോജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്ന വയോരക്ഷ പദ്ധതിയുമായി എടത്തല ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള എടത്തല ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വഴിയാണ് 60 വയസ് കഴിഞ്ഞവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. വാര്‍ധക്യകാല പരിചരണം ആയുര്‍വേദത്തിലൂടെ എന്ന ആശയത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് വയോരക്ഷ. വയസ് തെളിയിക്കുന്ന രേഖയുമായി എത്തുന്ന രോഗികള്‍ക്ക് രണ്ടാഴ്ച്ചത്തേക്കുള്ള മരുന്നുകള്‍ ഒരുമിച്ച് നല്‍കും. സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ മരുന്നുകളാണ് നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍ നിര്‍വഹിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതിയ ഐ.പി ബ്ലോക്കിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് ആണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 83 കോടി രൂപ ചെലവില്‍ 8 നിലകളിലായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ 374 കിടക്കകളും, 6 ഓപ്പറേഷന്‍ തിയേറ്ററുകളും ഒരു മിനി ഓപ്പറേഷന്‍ തീയേറ്ററും 14 ഐസിയു ബെഡുകളും ഉണ്ടാകും. ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, റേഡിയേഷന്‍, ഫാര്‍മസി തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാകും പുതിയ ഐ.പി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മെയ് 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. താഴേത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. മികച്ച സൗകര്യങ്ങളൊരുക്കി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റും.
മെയ് 11 വരെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള തിയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്. അതേസമയം കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിത്യേനെ നാം ഉപയോഗിക്കുന്ന ഷാംപൂ, സോപ്പ്, ബോഡി ലോഷൻ തുടങ്ങിയവയില്‍ രാസവസ്തുക്കളുടെ സാന്നിധ്യമുള്ളതായി എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വീടുകളിലും ജോലിസ്ഥലങ്ങളിലും ഉപയോഗിക്കുന്ന 100-ലധികം ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കാൻസറിനും, പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്ന രോഗങ്ങൾക്കും കരണമായേക്കാമെന്നാണ് പഠന. കാലിഫോർണിയയിൽ നടത്തിയ സർവേ പ്രകാരം ദൈന്യംദിന ഉൽപന്നങ്ങളിൽ രാസവസ്തുക്കളുടെ തോത് അപകടകരമാംവിധം കൂടുതലാണ്. ജൈവ സംയുക്തങ്ങൾ അടങ്ങിയ ഉൽപന്നങ്ങൾ വായുവുമായി പെട്ടെന്ന് കൂടിച്ചേരുകയും പ്രകൃതിക്ക് അനുയോജ്യമാണെന്നും കണ്ടെത്തി. കാലിഫോർണിയയിലെ സേഫ് ഡ്രിങ്കിംഗ് വാട്ടർ ആൻഡ് ടോക്‌സിക് എൻഫോഴ്‌സ്‌മെന്റ് ആക്ട് മുഖേനയാണ് പഠനം നടത്തിയത്.
വൃത്തിയില്ലാത്ത സോക്സുകൾ ധരിച്ച് രാത്രിയിൽ ഉറങ്ങുന്നത് കിടക്കയിൽ അപകടകരമായ ബാക്ടീരിയകൾ പടരാൻ കാരണമാകുന്നു എന്ന് പഠനം. മാട്ട്രെസ് നെക്സ്റ്റ്ഡേ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സോക്‌സിൽ മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായും ഗവേഷകർ പറയുന്നു. ഇതിനായി രാവിലെ എഴ് മുതൽ രാത്രി 11 മണിവരെ ചിലർ തുടർച്ചയായി ധരിച്ച സോക്‌സുകൾ പഠനവിധേയമാക്കി. ഇത്തരക്കാരുടെ സോക്‌സിൽ മനുഷ്യവിസർജ്യത്തിലും പാറ്റകളിലും കാണപ്പെടുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അവ ശ്വാസനാളത്തെയും മൂത്രനാളിയെയുമെല്ലാം ബാധിക്കുമെന്നും കണ്ടെത്തി. ഈ അണുബാധ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് വളരെയധികം ഭീഷണിയുയർത്തുമെന്നും വിദഗ്ധർ പറയുന്നു.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി doctorlivetv സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post