നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ആരാധകർക്ക് നന്ദി പറഞ്ഞു നടൻ ബാല. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പുതിയ വിഡിയോയിൽ സംസാരിക്കുകയായിരുന്നു. ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ തന്നെ കാണാൻ പറ്റുമെന്നും ബാല വീഡിയോയിൽ പറയുന്നു. തന്നെ സ്നേഹിക്കുന്നവർക്കും തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നടൻ പറയുന്നു.
അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്. ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു ജ്യോതിഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ അകപ്പെട്ടുപോയെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത് സംശയം മൂലമെന്ന് പൊലീസ്.
ആക്രമണത്തിനു ശേഷം ഉപേക്ഷിച്ച ബാക്കി വന്ന ആസിഡ്കുപ്പി പുനലൂരിലെ സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയ്ക്ക് ആസിഡ് നല്‍കിയത് ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല, അതേസമയം കുടുംബ പ്രശ്‌നങ്ങളാണ് ഭാര്യ നീതുവിനെതിരെ ആസിഡ് ഒഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെ ഭര്‍ത്താവ് ബിപിന്‍ രാജ് ആസിഡ് ഒഴിച്ചത്. മുഖത്ത് 90% വും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണിന്റെ കാഴ്ചയ്ക്കടക്കം തകരാര്‍ സംഭവിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസേപ്പിന്റെ മൊബൈൽ ആപ്ലിക്കേഷന്റെ ഉൽഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സർക്കാർ ജീവനക്കാർ, പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്വെയർ ഡിവിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനും ഇനിയുണ്ടാകും. പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ നടപ്പിലാക്കുന്നത്. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ സാധിച്ചു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് വ്യത്യസ്തത പുലർത്തി കിളിമാനൂർ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രം. ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി കർശനമായി ശുചിത്വം പാലിക്കപ്പെടുന്ന ഒ. പി, സ്ത്രീ സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്നവർക്ക് വായിക്കാൻ നിറയെ പുസ്തകങ്ങൾ ഉള്ള ഓപ്പൺ ലൈബ്രറി, ഇരിക്കാൻ വൃത്തിയുള്ള ഇരിപ്പിടങ്ങൾ, ടെലിവിഷൻ, രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ ഡോക്ടറുടെ സേവനം, ലാബ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ആശുപത്രിയിലെ കാന്റീനിൽ എല്ലാ ശനിയാഴ്ചയും സൗജന്യ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. വിശാലമായ ഒരു ഡൈനിങ് ഹാളും, ജിമ്മും, ചെറിയ പാർക്കും, ഔഷധ തോട്ടവും ആശുപത്രി ക്യാമ്പസിലുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് ജിമ്മിന്റെ പ്രവർത്തനം. പഞ്ചായത്തിന്റെ സഹായത്തോടുകൂടി ഒരു പരിശീലകനെയും നിയമിച്ചിട്ടുണ്ട്. കശുവണ്ടി തൊഴിലാളികൾ ധാരാളമുള്ള പ്രദേശത്ത് ആശുപത്രി മുൻകൈയെടുത്ത് നടത്തിയ ‘സുരക്ഷാ പദ്ധതി’യും വിജയകരമായിരുന്നു. കശുവണ്ടി തൊഴിലാളികളിലെ ക്യാൻസർ സാധ്യത മുൻകൂട്ടി കണ്ടെത്തുന്നതായിരുന്നു പദ്ധതി.
ജോലി സ്ഥലത്തെ വിവേചനം ഉയർന്ന രക്തസമ്മർദ്ദത്തിന് കരണമാകാമെന്നു പഠനം. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇതിനായി 2004നും 2006നും ഇടയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം ഇല്ലാതിരുന്ന 1246 പേരുടെ ഡേറ്റ 2013-2014 കാലഘട്ടം വരെ ഗവേഷകര്‍ രേഖപ്പെടുത്തി. 45 വയസ്സില്‍ താഴെയുള്ളവര്‍, 46നും 55നും ഇടയിലുള്ളവര്‍, 56 ന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം. ജോലി സ്ഥലത്ത് ഉയര്‍ന്ന തോതിലുള്ള വിവേചനം നേരിടുന്നവർക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 54 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. വിവേചനം മൂലമുള്ള അമിത സമ്മര്‍ദം കോര്‍ട്ടിസോള്‍ തോത് ഉയര്‍ത്തുന്നതും ഇതിന് കാരണമാകുന്നുണ്ടാകാമെന്നും ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. വിവേചനം – ഉത്കണ്ഠ, വിഷാദരോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്നും ഇതിനാല്‍ തൊഴിലിടങ്ങളില്‍ നിന്ന് വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ അടുത്ത നാല് ദിവസം വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയാതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവെപ്പിൽ വിശ്വാസം വര്‍ധിച്ചതായി യൂണിസെഫ് റിപ്പോര്‍ട്ട്. 55 രാജ്യങ്ങളെ പഠന വിധേയമാക്കിയത്തിൽ ഇന്ത്യയ്ക്ക് പുറമേ ചൈനയിലും മെക്സിക്കോയിലും മാത്രമാണ് കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം വര്‍ധിച്ചതെന്ന് യൂണിസെഫ് കണ്ടെത്തി. കൊറിയ, ജപ്പാന്‍, പാപ്പുവ ന്യൂ ഗിനിയ, ഘാന, സെനഗല്‍ അടക്കം 52 രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മേയ് 11 മുതൽ യു എസിൽ എത്തുന്ന വിദേശ യാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യു എസ് അധികൃതർ. നിലവിലുണ്ടായിരുന്ന ആരോഗ്യ അടിയന്തരാവസ്ഥയും പിൻവലിക്കും. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് അധികൃതർ ഇളവ് പ്രഖ്യാപിച്ചത്. വിദേശ യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കഴിഞ്ഞ വർഷം യു എസ് ഒഴിവാക്കിയിരുനെങ്കിലും വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടർന്നിരുന്നു. ഈ നിബന്ധനയാണ് ഇപ്പോൾ ഒഴിവാക്കുന്നത്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post