കേരളത്തിൽ പ്രമേഹം മൂലമുള്ള മരണങ്ങൾ ഇരട്ടിയായതായി റിപ്പോർട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവർധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയർന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത് 2023 റിപ്പോർട്ട് അനുസരിച്ച് 2014ൽ മൊത്തം മരണങ്ങളിൽ 10.3 ശതമാനമായിരുന്നു പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലമുള്ള മരണനിരക്ക്. 2023 ആയപ്പോഴെക്കും മരണനിരക്ക് 19.09 ശതമാനമായി ഉയർന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്ത്യ ഡയബറ്റിസ് നടത്തിയ ഒരു പഠനത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 42ശതമാനം പേർ പ്രമേഹ രോഗികളോ പ്രീ ഡയബറ്റിക്കോ ആണ്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹം മൂലമുള്ള മരണങ്ങൾ ഇരട്ടിയായതായുള്ള റിപ്പോർട്ട് പുറത്തുവന്നത്.ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങൾക്ക് കാരണമാകുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. പി കെ ജബ്ബാർ വ്യക്തമാക്കി. പ്രമേഹം ബാധിക്കുന്ന ചെറുപ്പക്കാരുടെ അനുപാതം വർധിച്ചുവരുന്നുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രായപരിധിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post