സംസ്ഥാനത്ത് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പിന് പകരം ഇന്‍ഹേലര്‍ ചികിത്സ വൈകാതെ എത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്‍സുലിന്‍ കുത്തിവെക്കുന്നതിന് പകരം വായിലൂടെ ഇന്‍സുലിന്‍ ശ്വസിച്ചാല്‍ മതിയാകും. അതിനുള്ള ഇന്‍ഹേലര്‍ ഈ വര്‍ഷം തന്നെ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമായിത്തുടങ്ങുന്നതാണ്. അമേരിക്കയിലെ മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച ഇന്‍സുലിന്‍ ഇന്‍ഹേലര്‍ അഫ്രെസ്സക്ക് ഇന്ത്യയിലും അനുമതിയായി. മള്‍ട്ടിനാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയാണ് ഈ ഉൽപ്പന്നം ഇന്ത്യയില്‍ നിര്‍മിക്കുന്നതും വില്‍പന നടത്തുന്നതും. എന്നാല്‍ ഇതിന്റെ വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയില്‍ 2014ലാണ് പ്രേമേഹത്തിനുള്ള ഇൻഹേലർ ചികിത്സയ്ക്ക് അംഗീകാരം ലഭിച്ചത്. പൗഡര്‍ ഇന്‍ഹേലറാണ് ഇതിനായി ഉപയോഗിക്കുക. 3 യൂനിറ്റ് കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് ഇതില്‍ 6 ഡോസ് വേണ്ടിവരും. അതനുസരിച്ച് പൗഡര്‍ കാട്രിജ്ഡ് ഇന്‍ഹേലറില്‍ ഉപയോഗിക്കണം. മരുന്ന് ശരീരത്തിലെത്തിയാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. 3 മണിക്കൂറിനുള്ളില്‍ രക്തത്തില്‍ നിന്ന് ഇന്‍സുലിന്‍ അപ്രത്യക്ഷമാകും. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥക്കാണ് ഈ ചികിത്സയിലൂടെ മാറ്റം ഉണ്ടാക്കുക. ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്ക് ഭാരം കൂടുന്നു എന്ന പാര്‍ശ്വഫലവും ഇതിനില്ല. നിരവധിതവണ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നവര്‍ക്കും ഓട്ടോമാറ്റഡ് ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്കും ഇത് ആശ്വാസമാകും. സംസ്ഥാനത്തെ 3.51 കോടി ജനസംഖ്യയില്‍ ഏതാണ്ട് 1.52 കോടി പ്രമേഹ ബാധിതരാണെന്നാണ് ഐ.സി.എം.ആറിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.
Discussion about this post