അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തിൽ കണ്ടെത്തുന്നതിനായി രാജ്യത്ത് ആദ്യമായി കേരളത്തിൽ സർക്കാർ ആശുപത്രികളിൽ എ.ഐ. സഹായത്തോടെയുള്ള കണ്ണ് പരിശോധന വരുന്നു. ‘നയനാമൃതം-രണ്ട്’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രമേഹം കാരണമുണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന മാക്യുലാർ ഡീജനറേഷൻ തുടങ്ങിയ രോഗങ്ങളെ കണ്ടെത്താനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആശുപത്രികൾ തുടങ്ങിയയിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക. എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഫണ്ടസ് ക്യാമറ ഉപയോഗിച്ച് സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണ് പരിശോധനയിൽ രോഗസൂചന ലഭിച്ചാൽ രോഗിയെ നേത്രചികിത്സാവിദഗ്ധന്റെ അടുത്തേക്ക് റഫർ ചെയ്യും. ഇത് കംപ്യൂട്ടർ ഉപയോഗിച്ചുള്ള കണ്ണ് പരിശോധന പോലെയാണ്. പരിശോധിക്കുമ്പോൾ വേദനയുണ്ടാകില്ല. കൈയിൽവെച്ച് ഉപയോഗിക്കാവുന്ന ചെറിയ ഉപകരണമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. പരിശോധനയ്ക്കു നിമിഷ നേരം മതി. കൃഷ്ണമണി വികസിപ്പിക്കുന്നത് മരുന്ന് ഒഴിക്കാതെയും ഉപകരണത്തിലൂടെ ചെയ്യാൻ സാധിക്കും. റിമിഡിയോ എന്ന വൈദ്യശാസ്ത്ര ഉപകരണ നിർമാണ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Discussion about this post