പുഞ്ചിരിക്കുന്ന അമ്മയുടെ കരുതല്‍ കുഞ്ഞിന്റെ ആരോഗ്യത്തിലേയ്ക്ക്
അമ്മയാകാന്‍ തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍?. ഗര്‍ഭകാലത്തെ ദന്തപരിചരണത്തെപറ്റി ചിന്തിച്ചിട്ടുണ്ടോ?.
എന്നാല്‍ നിങ്ങള്‍ അറിയേണ്ടത്, ശരിയായ ദന്തപരിചരണമില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തേക്കാള്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ശരിയായ ദന്തശുചീകരണമില്ലാത്തവരില്‍ അവരുടെ കുഞ്ഞുങ്ങള്‍ പ്രീമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നു.
കൂടാതെ കുഞ്ഞുങ്ങളില്‍ ഭാരക്കുറവും ഉണ്ടായേക്കാം. നിങ്ങളുടെ വായിലെ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്ന പല അണുക്കളും രക്തത്തില്‍ കലര്‍ന്ന് അവ പുറപ്പെടുവിക്കുന്ന ചില എന്‍ടോടോക്സിന്‍സ് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നു.
ഗര്‍ഭകാലത്ത് കാണപ്പെടുന്ന ദന്തരോഗങ്ങള്‍
ദന്തക്ഷയം, ജിന്‍ജിവല്‍ ഹൈപ്പര്‍പ്ലേസിയ, മോണരോഗങ്ങള്‍, പല്ലുകളുടെ തേയ്മാനം, എപുലിസ് എന്നിവ.
ഗര്‍ഭിണിയാകുന്നതിന് മുമ്പുതന്നെ ദന്തഡോക്ടറെ കണ്ട് ദന്തസംരക്ഷണം ഉറപ്പുവരുത്തുക. പല്ലുകളുടെ ക്ലീനിങ്, പോടുകള്‍ (കാവിറ്റീസ്) ഫില്‍ ചെയ്ത് സൂക്ഷിക്കുക. അത് ഒരുപക്ഷേ നിങ്ങളെ കാലക്രമേണ ഉണ്ടാകുന്ന വലിയ ഇന്‍ഫക്ഷനില്‍ നിന്നും ഒഴിവാക്കിയേക്കാം. ഗര്‍ഭിണികളില്‍ ആദ്യ ട്രൈമസ്റ്ററിലും മൂന്നാമത്തെ ട്രൈമസ്റ്ററിലും ദന്ത ചികിത്സകള്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ മുലയൂട്ടുന്ന അമ്മമാരിലും കുഞ്ഞുങ്ങളിലും ദന്തശുചീകരണവും പരിചരണവും അനിവാര്യമാണ്.
ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം എങ്ങനെ?
ഭക്ഷണത്തിന് ശേഷം എല്ലായ്പ്പോഴും ബ്രഷ് ചെയ്യുവാന്‍, അഥവാ വായ കഴുകാന്‍ ശ്രദ്ധിക്കുക. മോണരോഗങ്ങള്‍ തടയുവാനും മറ്റ് ഇന്‍ഫക്ഷന്‍സ് ഒഴിവാക്കാനും ഇത് സഹായിക്കും. പക്ഷേ ഗര്‍ഭിണികളില്‍ അധികവും കണ്ടുവരുന്ന മോര്‍ണിംഗ് സിക്നസ്സ് (ഛര്‍ദ്ദി) ഒഴിവാക്കുവാന്‍ രുചിയില്ലാത്തതും അവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ളതുമായ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കാം. ഇതിന് കഴിയാത്തവര്‍ മൗത്ത് വാഷസ്, ഡെന്റല്‍ ഫ്‌ളോസുകള്‍ എങ്കിലും ഉപയോഗിച്ച് ദന്തശുചീകരണം നടത്തേണ്ടതാണ്.
പ്രസവശേഷവും അമ്മയുടെ ദന്താരോഗ്യം പോലെ പ്രാധാന്യമുള്ളതാണ് നവജാത ശിശുവിന്റെ ദന്താരോഗ്യം. മുലയൂട്ടിയാല്‍ ഉടന്‍ തന്നെ നനഞ്ഞ കോട്ടനോ, തുണിയോ ഉപയോഗിച്ച് കുഞ്ഞിന്റെ മോണ വൃത്തിയാക്കേണ്ടതാണ്.
സ്ത്രീയുടെ ആരോഗ്യമാണ് അവരുടെ സമ്പത്ത്. ഓരോ അമ്മയുടെ പുഞ്ചിരിയിലും കുഞ്ഞിന്റെ ആരോഗ്യം നിറയട്ടെ.
– Dr. Sheenu A
Discussion about this post