വയനാട് നല്ലൂര്‍നാട് ജില്ലാ കാൻസർ കേന്ദ്രത്തിൽ ഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ച സിടി സിമുലേറ്റർ സുപ്രധാന പദ്ധതിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഗോത്ര വർഗ മേഖലയിലെ സ്പെഷാലിറ്റി കാൻസർ കേന്ദ്രമായ നല്ലൂർനാട് ആശുപത്രിയിൽ നിലവില്‍ നല്‍കി വരുന്ന റേഡിയേഷൻ ചികിത്സയ്ക്ക് ഇനി കൂടുതൽ കൃത്യതയേകാൻ കഴിയും. പ്രതിവര്‍ഷം അയ്യായിരത്തോളം പേര്‍ക്കാണ് നല്ലൂര്‍നാട് ആശുപത്രിയില്‍ കീമോതെറാപ്പി നല്‍കി വരുന്നതും അറുനൂറോളം പേരാണ് റേഡിയേഷൻ എടുക്കുകയും ചെയുന്നത്. ഇവരില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവർ തന്നെ നൂറ്റമ്പതോളം പേര്‍ വരുന്നതായും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഗോത്രവര്‍ഗ മേഖലയായ നല്ലൂര്‍നാട് ഇതുപോലൊരു പദ്ധതി 7 കോടി മുതൽ മുടക്കിൽ വയനാട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തി സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഈ സംവിധാനത്തിന്റെ വരവോടെ, വിദൂര സ്ഥലങ്ങളിലേക്ക് ചികിത്സയ്ക്കായി പോകേണ്ടി വരുന്ന രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കഴിയും. വയനാട്ടിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഗോത്രവർഗ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഈ സർക്കാർ പ്രത്യേക ശ്രദ്ധ നൽകി വരുന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു
Discussion about this post