ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് വനിതാ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും ഫെബ്രുവരി 20ന് കാൻസർ സ്‌ക്രീനിംഗ് നടത്തുന്നു. ആരോഗ്യ വകുപ്പും കെ.യു.ഡബ്ല്യു.ജെ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് കാൻസർ സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വൈ.എം.സി.എ. ഹാളിലാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രാവിലെ 9 മണിക്ക് ക്യാമ്പയി ആരംഭിക്കും. ക്യാമ്പയിനിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുക്കുന്നതാണ്. ആർസിസിയിലേയും ആരോഗ്യ വകുപ്പിലേയും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും സ്‌ക്രീനിംഗ് നടക്കുക. മാധ്യമ പ്രവർത്തകരുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ആദ്യഘട്ടം മാർച്ച് 8 വരെ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ തുടങ്ങിയവയോടൊപ്പം മറ്റ് കാൻസറുകളുടെയും സ്‌ക്രീനിംഗ് നടത്തും. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗ് സൗകര്യമുണ്ട്. ഇതുവരെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2 ലക്ഷത്തിലധികം പേർ കാൻസർ സ്‌ക്രീനിംഗിൽ പങ്കെടുത്തു. സംസ്ഥാനത്തെ 1,354 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കും.
Discussion about this post