രോഗനിര്‍ണയത്തിലും രോഗചികിത്സയിലും നിര്‍മിതബുദ്ധി നടത്തുന്ന മുന്നേറ്റം ഗുണകരമായി വിനിയോഗിക്കാന്‍ ഒരുങ്ങി കേരളത്തിലെ ആരോഗ്യ മേഖല. കൂടുതല്‍ കൃത്യതയും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനുള്ള ഈ സൗകര്യവുമാണ് നിര്‍മിതബുദ്ധി അനുബന്ധ ഉപകരണങ്ങളിലൂടെ കേരളത്തിലെ ഡോക്ടര്‍മാര്‍ വിനിയോഗിക്കാന്‍ ശ്രമിക്കുന്നത്. രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന വിവിധ റേഡിയോളജി ഉപകരണങ്ങളിലും ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ പമ്പുകളിലുമാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നിര്‍മിത ബുദ്ധി സര്‍വീസ് കൂടുതല്‍ വിനിയോഗിക്കുക. ടൈപ്പ് 1 പ്രമേഹമുള്ളവരെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാണ് ഇന്‍സുലിന്‍ പമ്പുകളില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുക. എ.ഐ. സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ പമ്പുകള്‍ ഡോസുകള്‍ സ്വയമേവ ക്രമീകരിക്കാനും ഹൈപ്പോഗ്ലൈസീമിയ പ്രവചിക്കാനും സാധിക്കും. സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ എത്തിയില്ലെങ്കിലും നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളിലാണ് കഴിഞ്ഞ ഏതാനും മാസമായി നിര്‍മിത ബുദ്ധി സാന്നിധ്യം കണ്ടു വരുന്നത്.
Discussion about this post