ഒ.പി ടിക്കറ്റ് ഓൺലൈനായി ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇ-ഹെൽത്ത് കേരള എന്ന പേരിൽ ജനകീയമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യു.എച്ച്.ഐ.ഡി കാർഡ് നമ്പറും ആധാർ നമ്പറുമുപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനാണിത്. നിലവിൽ മലപ്പുറം ജില്ലയിൽ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെൽത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം സ്ഥാപനങ്ങളിൽ പുതുതായി ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ജില്ലയിലെ താലൂക്ക് ആശുപത്രി മുതൽ മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓൺലൈൻ ഒ.പി ബുക്കിങ് ഉടൻ ആരംഭിക്കും. നിലവിൽ പൊതുജനങ്ങൾക്ക് ഇ-ഹെൽത്ത് പോർട്ടൽ വഴി സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർ കൺസൾട്ടേഷനുകൾക്കായി മുൻകൂറായി ബുക്ക് ചെയ്യാൻ സാധിക്കും. എത്ര ഡോക്ടർമാർ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കൽ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങൾ, ഡോക്ടറുടെ മരുന്നു കുറിപ്പുകൾ എന്നിങ്ങനെ എല്ലാം മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകും. സ്ഥാപനത്തിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ പൊതുജനങ്ങൾക്ക് ഡോക്ടറുടെ കൺസൾട്ടേഷനായി ലഭ്യമായ ടോക്കൺ നമ്പർ ലഭിക്കുന്നതാണ്.
Discussion about this post