സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ സംസ്ഥാനത്തെ ജനങ്ങള്‍ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തതായും എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് യു.പി.എച്ച്.സി.യില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post