സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിൽ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post