തലസ്ഥാനത്ത് കൂടുതൽ അമീബിക് മസ്തിഷ്കജ്വര കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും വിശദപഠനം വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച ഐസിഎംആർ പഠനം ഇതുവരെ തുടങ്ങിയില്ല. രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാർഗം. കടുത്ത വേനലിൽ തീരെ വെള്ളം കുറഞ്ഞ അവസ്ഥയിൽ ജലസ്ത്രോതസ്സുകളുടെ അടിത്തട്ടിൽ അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടാകാമെന്നാണ് മൈക്രോ ബയോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. വെള്ളം കൂടിയപ്പോൾ ചെളിയുമായി കലങ്ങി ചേർന്ന് മേൽതട്ടിലേക്ക് അമീബ എത്താം. ഇതിനാൽ തന്നെ വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലുമൊക്കെ രോഗാണു സാന്നിധ്യം കരുതിയിരിക്കണം എന്നാണ് മുന്നറിയിപ്പ്.
Discussion about this post