ഒച്ചുകളിൽ നിന്ന് പകരുന്ന ഗുരുതരരോഗം കുട്ടികൾക്കിടയിൽ വ്യാപകമാകുന്നതായി പഠനം റിപ്പോർട്ട്. Eosinophilic meningo encephalitis എന്ന ഗുരുതരരോഗം ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിലാണ് വ്യാപകമാകുന്നത്. കൊച്ചി അമൃത ആശുപത്രി 14 വർഷമായി നടത്തിയ പഠനത്തിലാണ് മരണത്തിന് ഇടയാക്കുന്നതോ തലച്ചോറിനും ഞരമ്പിനും പൂർണമായ തകരാറുണ്ടാക്കുന്നതോ ആയ ഈ രോഗം കുട്ടികളിൽ വ്യാപിക്കുന്നു എന്ന് കണ്ടെത്തിയത്. ഒച്ചുകളിൽ കാണപ്പെടുന്ന Rat lung worm ആണ് ഇതിനുകാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഒച്ചിന്റെ ലാർവ വീണ വസ്തുക്കളിലൂടെയോ ആണ് അണുബാധ ഏൽക്കുക. സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്തപനി, അലസത, ദേഷ്യം, ഛർദി തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങൾ. എന്നാൽ, മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് ഈ രോഗലക്ഷണങ്ങൾ കുറയില്ല. സെറിബ്രോസ്‌പൈനൽ ദ്രാവകത്തിൽ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. KP. വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
Discussion about this post