സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ വാട്ടർ ബെൽ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വാട്ടർ ബെൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സ്കൂളുകളിൽ നിലവിലെ ഇന്റർവെല്ലുകൾക്കു പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കാൻ തീരുമാനിച്ചത്. അഞ്ചു മിനിറ്റ് സമയമായിരിക്കും വെള്ളം കുടിക്കാനുള്ള ഇടവേള. രാവിലെ 10.30നും ഉച്ചക്ക് രണ്ടു മണിക്കുമായിരിക്കും വാട്ടർ ബെൽ മുഴങ്ങുക. വാട്ടർ ബെല്ലിനു ശേഷം വിദ്യാർത്ഥികൾക്ക് കുടിവെള്ളം നൽകിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 36 ഡിഗ്രി സെൽഷ്യസ് ചൂടിലേക്ക് സംസ്ഥാനം പോകുന്ന സാഹചര്യത്തിൽ പരമാവധി വെള്ളം കുടിക്കണം എന്ന് മന്ത്രി നിർദ്ദേശിച്ചു. വേനൽക്കാലത്തുണ്ടാകുന്ന അസുഖങ്ങൾ പരമാവധി ഒഴിവാക്കാൻ വാട്ടർ ബെൽ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post