സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എൽ. വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്. ഇതിൽ 5 ആശുപത്രികളിൽ മാമോഗ്രാം മെഷീനുകൾ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളിൽ കൂടി ഉടൻ എത്തുന്നതാണ്. സമയബന്ധിതമായി മെഷീനുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആർദ്രം മിഷന്റെ ഭാഗമായി സമഗ്ര കാൻസർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീൻ ചെയ്തു വരുന്നതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post