ഇന്ന് ജൂലൈ 28. ലോക കരള്‍ രോഗ ദിനം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള കരള്‍ എന്നതാണ് ഈ വര്‍ഷത്തെ ആശയം. ഈ കരള്‍രോഗ ദിനത്തില്‍ കരള്‍ രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ചു വേണ്ട ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും അവലംബിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുകയാണ് എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് ഫിസിഷ്യനും NVHCP നോഡല്‍ ഓഫീസറുമായ ഡോ. അനു സി കൊച്ചുകുഞ്ഞ്. അഞ്ഞൂറിലേറെ ധര്‍മങ്ങള്‍ നിറവേറ്റുന്ന ഒരു ആന്തരിക അവയമായ കരള്‍, തലച്ചോറും ഹൃദയവുപോലെ സംരക്ഷിക്കേണ്ട അവയവമാണെന്ന് ഡോക്ടര്‍ അനു ഓര്‍മിപ്പിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രതിയായ അറ്റന്‍ഡറെ രക്ഷിക്കാനുളള നീക്കമാണിതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അതിജീവിത പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനാണ് അതിജീവിതയുടെ തീരുമാനം. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതി പീഡനത്തിന് ഇരയായത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്നും ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍.എം.സി. സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള കോട്ടയില്‍ നിയമനം നടത്താനുള്ള നടപടികളും അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പുതിയ ബാച്ചിലേക്കുള്ള 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ അപാകതകള്‍ പരിഹരിച്ചാതായാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സിന് ഓരോ കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പുകളും പ്രത്യേക അലര്‍ട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേ സമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള – ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യു.എ.ഇ. യില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി അബുദാബി പൊതുജനാരോഗ്യകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. സാര്‍സ് രണ്ടിനേക്കാളും മാരകമാണെങ്കിലും മെര്‍സ് വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അണുബാധയുടെ പ്രധാന ഉറവിടം ഒട്ടകമാണെന്നാണ് കണ്ടെത്തല്‍. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
തൃശൂരില്‍, ഗര്‍ഭിണിയടക്കം ആറ് നഴ്സുമാരെ സ്വകാര്യ ആശുപത്രി എം.ഡി കൈയേറ്റം ചെയ്തതായി പരാതി. ഗര്‍ഭിണിയായ നഴ്സിന്റെ വയറ്റില്‍ ചവിട്ടേറ്റതായും ഒരു നഴ്സിന്റെ കഴുത്തിലും പുറത്തും മര്‍ദ്ദനമേറ്റെന്നും പരാതിയുണ്ട്. നഴ്‌സുമാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയില്‍ അംഗമായതിന് പിന്നാലെ ആറ് നഴ്സുമാരെ ആശുപത്രിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ പേരില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നോര്‍ക്ക റൂട്ട്‌സ് യു കെ വെയില്‍സിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്‌സിംഗ് അല്ലെങ്കില്‍ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS അല്ലെങ്കില്‍ OET UK സ്‌കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കുറഞ്ഞത് 6 മാസത്തെ പ്രവര്‍ത്തി പരിചയവും വേണം. അപേക്ഷകള്‍ uknhs.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post