നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ. അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കു പ്രകാരമാണിത്. ശസ്ത്രക്രിയാ ചെലവ് കൂടുതലായതിനാൽ രജിസ്റ്റർ ചെയ്യാത്തവരും നിരവധിയുണ്ട്. കൊഴുപ്പ് അടിഞ്ഞുള്ള കരൾ രോഗം മലയാളികളിൽ വ്യാപകമാണെന്ന് റിപ്പോർട്ടുകൾ. കരളിന്റെ ക്ഷമത ഭാഗികമായി നശിക്കുകയും ചികിത്സ ഫലം കാണാതെ വരുമ്പോഴുമാണ് കരൾമാറ്റി വെയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ കേരളത്തിൽ സർക്കാർ മേഖലകളിൽ രോഗികൾക്ക് ആനുപാതികമായി കരൾമാറ്റ ശസ്ത്രക്രിയ നടക്കുന്നില്ല. സംസ്ഥാനത്ത് 2012മുതൽ ഇതുവരെ 287ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്. ജീവിച്ചിരിക്കുന്നവർ തമ്മിലും മരണപ്പെട്ടയാളുടെ അവയവദാനത്തിലൂടെയും ഈ വർഷം നടന്നത് എട്ട് കരൾമാറ്റ ശസ്ത്രക്രിയകളാണ്. കോട്ടയം,തിരുവനന്തപുരം മെഡിക്കൽ കോളേജുകളാണ് നിലവിൽ സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ രംഗത്തുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
നടൻ ഹരീഷ് പേങ്ങന്റെ മരണത്തിനു പിന്നാലെ വീണ്ടും വർത്തകളിലിടം പിടിച്ച് മലയാളികൾക്കിടയിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ.
1000 പേരെ പരിശോധിക്കുമ്പോൾ, 400 പേർക്കും ഫാറ്റി ലിവറുണ്ടെന്ന് അടുത്തിടെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുമാരുടെ സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അമിത വണ്ണമുള്ളവരിൽ 50 മുതൽ 80 ശതമാനം പേർക്കും, അമിത വണ്ണമുള്ള അറുപതു ശതമാനം കുട്ടികൾക്കും ഫാറ്റിലിവറുണ്ടാകാമെന്ന് പഠനങ്ങളിൽ പറയുന്നു. ആഗോള ജനസംഖ്യയിൽ 25 ശതമാനം പേർക്കും മദ്യപാനവുമായി ബന്ധമില്ലാത്ത ഫാറ്റിലിവർ രോഗമുണ്ട്. കരളിൽ അഞ്ച് ശതമാനത്തിലേറെ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. 40 പിന്നിട്ട പുരുഷൻമാരിലും 55 കഴിഞ്ഞ സ്ത്രീകളിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അമിതവണ്ണം, പ്രമേഹം, വ്യായാമമില്ലായ്മ, ഭക്ഷണരീതി, ലഹരി ഉപയോഗം എന്നിവ രോഗത്തിന് കാരണമാവാം.
സംസ്ഥാനത്ത് എ.പി.എൽ. വിഭാഗക്കാർക്ക് പേവിഷ വാക്‌സിൻ സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പേവിഷ വാക്‌സിനെടുക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ 70 ശതമാനവും എ.പി.എൽ. വിഭാഗക്കാരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരുവുനായശല്യം രൂക്ഷമായതിനുപിന്നാലെ വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ 145 ശതമാനമാണ് വർദ്ധനവ്. ഉപയോഗം കൂടിയതോടെ കഴിഞ്ഞവർഷവും സർക്കാർ ആശുപത്രികളിൽ വാക്‌സിന് ക്ഷാമം നേരിട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജുകളിൽ ആരോഗ്യവകുപ്പ് പഠനം നടത്തിയിരുന്നു. ചികിത്സ തേടിയവരിൽ 60 ശതമാനംപേർ വളർത്തുമൃഗങ്ങളുടെ കടിയേറ്റവരാണെന്ന് പഠനത്തിൽ കണ്ടെത്തി. പേവിഷബാധയേൽക്കുന്നവരിൽ 40 ശതമാനംപേരും 15 വയസ്സിൽ താഴെയുള്ളവരാണ്.
ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌ക്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് ഏറ്റുവാങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്ററിൽ ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു രോഗികൾ. കീമോക്കുള്ള മരുന്ന് വാങ്ങാൻ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളെ സാങ്കേതിക തകരാറുകൾ പറഞ്ഞു തിരിച്ചയക്കുകയാണെന്നു രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ആരോഗ്യ ഇൻഷുറൻസിനു രോഗികളുടെ പഞ്ചിങ് നിർബന്ധമായതിനാൽ ഭക്ഷണം പോലും കഴിക്കാതെ രോഗികൾ കാത്തിരിക്കുന്നതിനാൽ ഇത് ആശുപത്രിയിൽ എത്തുന്ന രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഒരു കീമോയുടെ മരുന്നിനു പുറത്ത് 3500 രൂപയാണ് വില. സെർവറിന്റെ സാങ്കേതിക തകരാർ കാരണം രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നില്ലായെന്നാണ് ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് രോഗികളെ അറിയിക്കുന്നത്.
കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ടു മരുന്നുകൾ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു. ശ്വാസ കോശ അർബുദ രോഗികൾക്കു ദിവസേന ഒരു ഒസിമെർട്ടിനിബ് ഗുളിക നൽകിയപ്പോൾ മരണസാധ്യത 50% കുറഞ്ഞുവെന്നും സ്തനാർബുദ രോഗികൾക്കു റൈബോസിക്ലിബ് എന്ന ഗുളിക നൽകിയപ്പോൾ മരണ സാധ്യതനിരക്ക് കുറഞ്ഞുവെന്നും അന്താരാഷ്ട്ര പഠനത്തിൽ കണ്ടെത്തി. ഒസിമെർട്ടിനിബ് ശ്വാസകോശ കാൻസറിനെ സഹായിക്കുന്ന പ്രോട്ടീനുകളെ നിർവീര്യമാക്കുന്നതായും റൈബോസിക്ലിബ് സ്തനാര്ബുദത്തിൽ സെല്ലുകളുടെ വളർച്ചയെ തടയുന്നതായും വിദഗ്ധർ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.
കോശങ്ങളെ ഹാക്ക് ചെയ്ത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റി അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നേച്ചര്‍ സെല്‍ ബയോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളാണ് സാധാരണ ഗതിയില്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത്. ഈ ബീറ്റ കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം ഗ്ലൂക്കോസിനെ ദഹിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയും പ്രമേഹരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന്‍റെ ഉദരത്തിലുള്ള സ്റ്റെം സെല്‍ കോശങ്ങളെ പരിവര്‍ത്തനം ചെയ്ത് അവയെ കൊണ്ട് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പ്രമേഹ രോഗികളുടെ ഉദരത്തില്‍ നിന്ന് എടുക്കുന്ന കോശങ്ങളെ ഗ്യാസ്ട്രിക് ഇന്‍സുലിന്‍-സെക്രീറ്റിങ് കോശങ്ങളാക്കി മാറ്റി പ്രമേഹത്തെ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്വന്തം ഉദരത്തിലെ കോശങ്ങള്‍ തന്നെയായതിനാല്‍ ഈ പരിവര്‍ത്തനം വന്ന കോശങ്ങളെ മനുഷ്യ ശരീരം നിരസിക്കില്ലെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. മനുഷ്യരിലെ പരീക്ഷണം വിജയകരമായാല്‍ പ്രമേഹചികിത്സ രംഗത്തെ വഴിത്തിരിവായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പച്ചക്കറികൾ അരിയാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പുതിയ പഠനം. പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിലാണ് പ്രസിദ്ധികരിച്ചത്. കട്ടിംഗ് ബോർഡുകൾ മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ അപകടകരമായ ഉറവിടമാണെന്ന് ഗവേഷകർ കണ്ടെത്തി. മരം കൊണ്ടുള്ള വുഡ്ഡൻ കട്ടിംഗ് ബോർഡുകളും സുരക്ഷിതമല്ലെന്നും പ്ലാസ്റ്റിക്കും മര ബോർഡുകളും വിഷമുള്ള മൈക്രോപ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.
മൈക്രോപ്ലാസ്റ്റിക് എന്നത് ചെറിയ കണങ്ങളാണ്. മൈക്രോപ്ലാസ്റ്റിക്‌സ് കഴിക്കുന്നത് വർദ്ധിച്ചുവരുന്ന വീക്കം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. പഠനത്തിന്റെ ഭാഗമായി ഗവേഷകർ കട്ടിംഗ് ബോർഡിൽ അരിഞ്ഞ പച്ചക്കറികളും അല്ലാതെ അരിഞ്ഞ പച്ചക്കറികളും പഠന വിധേയമാക്കി.
സംസ്ഥാനത്ത് തീര മേഖലകളിലടക്കം പലയിടങ്ങളിലും വ്യപകമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക് ദിശയിൽ സഞ്ചരിക്കുന്നതായാണ് സൂചന. അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെ സ്വാധീനവും സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണമായേക്കുമെന്നാണ് കാലാവസ്ഥാപ്രവചനം.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post