നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. മരിച്ചവരുടെ കുടുംബത്തിനു റെയില്‍വേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിച്ചിരുന്നു. ഇന്നലെ രാത്രി 7.20ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമുണ്ടായ അപടത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഴം കൂട്ടി.
രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടത്തില്‍ ഒഡീഷയ്ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയതു വഴി
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ച ഗ്രീഷ്മ കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയുമായിരുന്നു.
സെക്‌സിനെ ഒരു സ്പോർട്സ് ഇനമായി അംഗീകരിച്ച് ആദ്യത്തെ യൂറോപ്പ്യൻ സെക്സ് ചാമ്പ്യൻഷിപ്പിനൊരുങ്ങി സ്വീഡൻ. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ ജൂണ്‍ എട്ടിന് സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിൽ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍. മത്സരം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവർ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്ത മത്സരങ്ങളില്‍ ഓരോ ദിവസവും ആറുമണിക്കൂര്‍ വരെ മത്സരിക്കും. ഇതുവരെ 20 പേര്‍ ചാമ്പ്യന്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത് മൂന്ന് ജൂറികളാണ്. പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും. കായികപ്രേമികള്‍ ഈ മത്സരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
പത്തനംതിട്ട കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവ് പടക്കം കടിച്ചതിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകൾക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ വന അതിർത്തിയിൽ ഇന്നലെ രാവിലെയായിരുന്നു ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതേസമയം, ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു.
എസ്.എം.എ. ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ സിയാ മെഹറിനെ ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സിയയെ ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയാണ് സന്ദർശിച്ചത്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മേയ് 25നാണ് ആരംഭിച്ചത്. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലേയും അനസ്തേഷ്യ വിഭാഗത്തിലേയും നഴ്സിംഗ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജിലും യാഥാര്‍ത്ഥ്യമാക്കിയത്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യങ്ങളിൽ മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ മതിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരു തവണയെങ്കിലും പരിശോധിക്കണം. വെള്ളം ശേഖരിക്കുന്ന ട്രേയിൽ കൊതുകുകൾ മുട്ടയിടാൻ സാധ്യതയുണ്ട്. വീടിനുള്ളിൽ വളർത്തുന്ന ചെടികൾക്കിടയിലും വെള്ളംകെട്ടിനിൽക്കാം. കൊതുകുകൾ പെരുകുന്നത് തടയാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ
കേരള- കർണാടക തീരങ്ങളിൽ ജൂൺ 3 വരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ജൂൺ 6 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 2 മുതൽ 6 വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.
രണ്ടാം നവകേരളം കര്‍മ്മപദ്ധതി ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാൻ ശക്തമായ തുടർ നടപടികളും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ മാലിന്യങ്ങള്‍ നിയമവിരുദ്ധമായി നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നവർക്കെതിരെ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഹരിത കർമ്മസേന സജീവമായി പ്രവർത്തിച്ചു വരുന്നതായും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങി മുഴുവന്‍ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഫുഡ്‌സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സ്ഥാപനത്തിലെ ഭക്ഷണപദാര്‍ത്ഥം കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റെടുത്തിരിക്കണം. ഭക്ഷ്യശാലകളില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ കെമിക്കല്‍, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോര്‍ട്ട് ആറുമാസത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം എന്നും അധികൃതർ അറിയിച്ചു.
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാമ്പസുകളടക്കം എല്ലാ വിദ്യാലങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും.1000 വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കോളജുകളിലെ എൻ.സി.സി, എൻ.എസ്.എസ്, മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ്’ സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് വിദ്യാലയങ്ങൾ ശുചീകരണ സംരംഭത്തിൽ ഭാഗമാകുന്നത്.
ഇന്ത്യയിൽ തുടർച്ചയായി ചീറ്റകൾ ചാകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടക്കുന്നതിനിടെ രാജ്യത്ത് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങി ‘പ്രൊജക്ട് ചീറ്റ’യിലെ അംഗങ്ങൾ. ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനാണ് യാത്രയെന്ന് വിദഗ്ദ്ധർ അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ ചർച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. കുനോ ദേശീയോദ്യാനം ജൂൺ ആറിന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശിക്കും.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.































Discussion about this post