യൂട്യൂബ് നോക്കി ഡയറ്റ് എടുത്തതിനെ തുടർന്ന് കണ്ണൂരില്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ 18കാരി ശ്രീനന്ദ മരിച്ച സംഭവത്തില്‍ കുട്ടിക്ക് ‘അനോറെക്‌സിയ നെര്‍വോസ’ എന്ന സൈക്യാട്രിക് സാഹചര്യമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍. അത് വീട്ടുകാര്‍ക്ക് തിരിച്ചറിയാനായില്ല’ എന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ നാഗേഷ് വ്യക്തമാക്കി. മരിക്കുമ്പോള്‍ ശ്രീനന്ദയുടെ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നു. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം ഏറെ താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി കുട്ടി ചികിത്സയിലായിരുന്നു. ശ്രീനന്ദയെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത് വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങുകയും പേശീഭാരം തീരെയില്ലതെയുമായി. അനോറെക്‌സിയ നെര്‍വോസ ഒരു സൈക്യാട്രിക് ഡിസോര്‍ഡറാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ആരെങ്കിലും ഒരാളെ ‘തടിയാ’, ‘തടിച്ചി’ എന്ന് വിളിച്ചാല്‍ അതിന് പിന്നാലെ ഭക്ഷണം കുറക്കുകയും തടി കുറക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം തുടങ്ങിയവ ഇല്ലാതാകും. ഇത് ഡിപ്രഷന്‍ പോലെ ഒരു മാനസിക രോഗാവസ്ഥയായി മാറും. തുടക്കത്തിലേ ചികിത്സയെടുത്താല്‍ ഭേദമാക്കാനാകും. ഒരു പരിധിവിട്ടാല്‍ പിന്നെ നിയന്ത്രിച്ച് നിര്‍ത്താനാകില്ല എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post