സംസ്ഥാനത്ത് ജീവിതശൈലീരോഗ സാധ്യത 50 ലക്ഷത്തോളം പേർക്ക് എന്ന് റിപ്പോർട്ട്. ജീവിതശൈലീരോഗ നിർണയ സർവേയുടെ രണ്ടാംഘട്ടത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ള 1.12 കോടി ആളുകളിലാണ് സർവേ നടത്തിയത്. അതിൽ 49.99 ലക്ഷം പേർക്ക് രക്തസമ്മർദവും പ്രമേഹവും വരാനുള്ള സാധ്യതയുണ്ടെന്നും സർവേയിലൂടെ കണ്ടെത്തി. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തിയത്. ‘ശൈലി’ ആപ്പ് ഉപയോഗിച്ച് ആശ പ്രവർത്തകരാണ് വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞവർഷം ജൂണിലാണ് രണ്ടാംഘട്ട സർവേ ആരംഭിച്ചത്. 2.23 ലക്ഷം പേർക്ക് കാൻസർരോഗ സാധ്യതയും 4.17 ലക്ഷം പേർക്ക് ശ്വാസകോശരോഗ സാധ്യതയും സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. രണ്ടാംഘട്ട സർവേയിൽ കുഷ്ഠരോഗം, മാനസികവെല്ലുവിളി, കാഴ്ചപരിമിതി, കേൾവിക്കുറവ് എന്നീ അവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2.66 ലക്ഷം പേർക്ക് കുഷ്ഠരോഗത്തിനും 33.70 പേർക്ക് കാഴ്ചപരിമിതിയും 4.54 ലക്ഷം പേർക്ക് കേൾവിത്തകരാറിനും സാധ്യത കണ്ടെത്തുകയും ചെയ്തു. 1.40 ലക്ഷം പേർക്ക് മാനസികവെല്ലുവിളി സാധ്യതയും 14.92 ലക്ഷംപേർ രക്താതിസമ്മർദമുള്ളവരാണെന്നും കണ്ടെത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് തുടർപരിശോധനയ്ക്ക് അധികൃതർ നിർദേശം നൽകി. പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ പരിശോധിക്കുന്നതിനായി അടുത്തുള്ള ജനകീയ ആരോഗ്യകേന്ദ്രത്തിലേക്കാണ് അയയ്ക്കുന്നത്. കാൻസർ രോഗലക്ഷണങ്ങളുള്ളവരെ തൊട്ടടുത്തുള്ള കുടുംബ ആരോഗ്യകേന്ദ്രത്തിലും പരിശോധന നടത്തും. വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും കാൻസർ ചികിത്സാ കേന്ദ്രത്തിലേക്കും രോഗികളെ പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
Discussion about this post