മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഒളിഞ്ഞിരുന്ന പുതിയൊരു ഭാഗം കണ്ടെത്തിയാതായി പഠന റിപ്പോർട്ട്. പ്രോട്ടീനുകളെ പുനരുപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന ശരീരഭാഗത്തിന് ഒരു ‘രഹസ്യ മോഡ്’ കൂടെയുണ്ടെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്. ഇതിലൂടെ പ്രോട്ടീനുകളെ ബാക്ടീരിയകളെ കൊല്ലാനുള്ള രാസവസ്തുക്കളാക്കി മാറ്റുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നേച്ചറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ആന്റിബയോട്ടിക്കുകളുടെ കലവറയാണ് പുതിയ കണ്ടെത്തലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ബാക്ടീരിയയ്‌ക്കെതിരെ നിലവില്‍ പ്രയോഗിക്കുന്ന ആന്റി ബയോട്ടിക് മരുന്നുകള്‍ക്കെതിരെ പ്രതിരോധം നേടുന്ന ‘സൂപ്പര്‍ ബഗ്’ പ്രശ്‌നത്തിനുള്ള പരിഹാരത്തിലേക്കുള്ള കണ്ടെത്തലാകും ഇത്. ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന പ്രോട്ടീസം എന്ന ചെറുഘടനയിലാണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. പഴയ പ്രോട്ടീനുകളെ കഷ്ണങ്ങളാക്കി നുറുക്കിയശേഷം പുനരുപയോഗിക്കാന്‍ സാധിക്കുന്ന പുതിയവ ഉണ്ടാക്കുകയാണ് പ്രോട്ടീസമിന്റെ പ്രധാന ധര്‍മ്മം. തുടര്‍ച്ചയായി നടത്തിയ പരീക്ഷണങ്ങളിൽ ഒരു കോശത്തില്‍ ബാക്ടീരിയ അണുബാധ ഉണ്ടാകുമ്പോള്‍ അത് പ്രോട്ടീസം തിരിച്ചറിയുന്നു. തുടര്‍ന്ന് ഉടനടി അത് സ്വയം ഘടന മാറ്റും. ഇതിനൊപ്പം തന്റെ ‘പ്രതിരോധ ചുമതല’യിലും പ്രോട്ടീസം മാറ്റം വരുത്തും.ഘടനാമാറ്റത്തിന് ശേഷം പ്രോട്ടീസം പഴയ പ്രോട്ടീനുകളെ ബാക്ടീരിയയ്‌ക്കെതിരായ ശക്തമായ ആയുധങ്ങളാക്കി മാറ്റുകയാണ് ചെയ്യുക. ബാക്ടീരിയയുടെ പുറംപാളി വലിച്ചുകീറിയാണ് ഈ ‘ആയുധം’ അവയെ നശിപ്പിക്കുക. ഇതാണ് കോശത്തില്‍ സംഭവിക്കുന്നത് എന്ന് ഇത്രയും കാലം നമുക്ക് അറിയില്ലായിരുന്നുവെന്നും ഈ പുതിയ കണ്ടെത്തല്‍ തങ്ങളെ ആവേശഭരിതരാക്കുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇസ്രയേലിലെ വീസ്മാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍ യിഫാത് മെര്‍ബല്‍ ചൂണ്ടിക്കാട്ടി.
Discussion about this post